കാസർകോട്: വൈദ്യുതി തടസ്സത്തിന് പിന്നാലെ കുടിവെള്ളവും ലഭിക്കാതെ ദുരിതത്തിലാണ് വിദ്യാനഗർ നിവാസികൾ. അഞ്ചുദിവസമായി വിദ്യാനഗറിനടുത്ത് കുടിവെള്ളം വിതരണം നടന്നിട്ട്. വിദ്യാനഗറിലുള്ള വാട്ടർ അതോറിറ്റിയിൽനിന്നാണ് പ്രദേശത്തേക്ക് വെള്ളം വിതരണംചെയ്യുന്നത്. വൈദ്യുതിക്ക് പിന്നാലെ വെള്ളവുമില്ലാത്തതിനാൽ കൂടുതൽ ബുദ്ധിമുട്ടിലായിരിക്കുകയാണ് പ്രദേശവാസികൾ. കാര്യങ്ങളറിയാൻ ഒാഫിസിലേക്ക് വിളിച്ചപ്പോൾ സെൻററിൽ വൈദ്യുതിയില്ലാത്തതിനാലാണ് വിതരണം മുടങ്ങിയതെന്ന് അധികൃതർ അറിയിച്ചതായി നാട്ടുകാർ പറയുന്നു. എന്നാൽ, വൈദ്യുതിയുള്ള സമയത്തും സമാന അവസ്ഥയാണെന്നാണ് നാട്ടുകാർ പറയുന്നത്. റമദാൻകാലമായതുകൊണ്ടുതന്നെ വൈദ്യുതിയില്ലാത്തതിനാൽ വിശ്വാസികൾ ഏറെ ദുരിതമാണ് അനുഭവിക്കുന്നത്. പള്ളികളിലും വീടുകളിലും വെള്ളമില്ലാത്ത സ്ഥിതിയാണ്. കടകളിൽനിന്ന് വെള്ളം വിലകൊടുത്തു വാങ്ങിയാണ് പലരും ഭക്ഷണം പാകംചെയ്യുന്നത്. വെള്ളം ലഭിച്ചില്ലെങ്കിലും ബില്ലയക്കുന്ന കാര്യത്തില്‍ അധികൃര്‍ കാട്ടുന്ന 'കാര്യക്ഷമത' പലപ്പോഴും പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. എന്നാൽ, പൈപ്പ് പൊട്ടലുണ്ടായാൽപോലും അധികൃതർ ഗൗനിക്കാത്തതിനാൽ കുടിവെള്ളം പലപ്പോഴും പാഴാകുന്നുണ്ടെന്നും പ്രദേശവാസികൾ പറയുന്നു. അതേസമയം, മലയോരമേഖലയിലും വൈദ്യുതിയില്ലാഞ്ഞിട്ട് മൂന്നു ദിവസത്തോളമായി. ഇതിനിടെ ദിവസങ്ങളായി അനുഭവിക്കുന്ന ദുരിതത്തില്‍ സഹികെട്ട് ചിലര്‍ രാജപുരം സെക്ഷന്‍ ഓഫിസിലെത്തി കുത്തിയിരിപ്പ് സമരത്തിനും ഒരുങ്ങിയിരുന്നു. വൈദ്യുതി മുടങ്ങിയാല്‍ വരും ദിവസങ്ങളില്‍ നാട്ടുകാര്‍ സംഘടിച്ചെത്തി പ്രതിഷേധിക്കാനും ആലോചന നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.