കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് ഭക്തിസാന്ദ്രമായ തുടക്കം

കേളകം: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് നെയ്യാട്ടത്തോടെ ഭക്തിസാന്ദ്രമായ തുടക്കം. അക്കരെ കൊട്ടിയൂർ ക്ഷേത്രസന്നിധിയിലെ മൺചിരാതുകളിൽ ദീപം തെളിഞ്ഞതോടെ ചടങ്ങുകൾക്ക് തുടക്കമായി. വിവിധ പ്രദേശങ്ങളിൽനിന്ന് ഭക്തരെത്തിച്ച നെയ്യമൃത് കുംഭങ്ങൾ പെരുമാളിന് അഭിഷേകം നടത്തിയപ്പോൾ തിങ്ങിനിറഞ്ഞ നൂറുകണക്കിന് ഭക്തരുടെ കണ്ഠങ്ങളിൽനിന്ന് കീർത്തനാലാപനങ്ങളുയർന്നു. ഉത്സവത്തി​െൻറ പ്രാരംഭചടങ്ങുകളിൽ സുപ്രധാനമായ മുതിരേരി വാൾ എഴുന്നള്ളത്ത് ഇക്കരെ കൊട്ടിയൂരിലെത്തി. വയനാട്ടിലെ മുതിരേരി ക്ഷേത്രത്തിൽനിന്ന് കാർമികനാണ് കാനനപാതകൾ താണ്ടി മുതിരേരി വാൾ ഇന്നലെ സന്ധ്യയോടെ കൊട്ടിയൂരിലെത്തിച്ചത്. വാൾവരവ് ദർശിക്കാൻ ഇക്കരെ ക്ഷേത്രപരിസരത്ത് നൂറുകണക്കിന് ഭക്തരെത്തിയിരുന്നു. കഴിഞ്ഞ ഉത്സവകാലത്തിനുശേഷം വിജനമായിരുന്ന അക്കരെ കൊട്ടിയൂർ ഉത്സവ നഗരി നെയ്യാട്ട ചടങ്ങോടെ ഉണർന്നു. പ്രഭാപൂരിതമായ പെരുമാൾ സന്നിധിയിൽ മണിത്തറയിലെ സ്വയംഭൂ വിഗ്രഹത്തിൽ നൂറുകണക്കിന് നെയ്യമൃത് വ്രതക്കാർ നറുനെയ്യഭിഷേകം നടത്തി. ചടങ്ങുകൾക്ക് ഉഷകാമ്പ്രം നമ്പൂതിരിപ്പാട് കാർമികത്വം വഹിച്ചു. ഉത്സവത്തി​െൻറ സുപ്രധാന ചടങ്ങുകളിലൊന്നായ ഭണ്ഡാരഘോഷയാത്ര ഇന്ന് അർധരാത്രിയോടെ കൊട്ടിയൂരിലെത്തും. മണത്തണയിലെ കരിമ്പന ഗോപുരത്തി​െൻറ നിലവറകളിൽ സൂക്ഷിച്ച പെരുമാളി​െൻറ തിരുവാഭരണങ്ങളും സ്വർണ, വെള്ളി പാത്രങ്ങളും ഭണ്ഡാരങ്ങളും പൂജാപാത്രങ്ങളും ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ ഇന്ന് വൈകുന്നേരം കൊട്ടിയൂരിലേക്ക് എഴുന്നള്ളിക്കും. ഭണ്ഡാര ഘോഷയാത്ര കൊട്ടിയൂരിലെത്തുന്നതോടെ ഉത്സവ ചടങ്ങുകൾക്ക് പൂർണാർഥത്തിൽ തുടക്കമാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.