മംഗളൂരു വിമാനദുരന്തം: നഷ്​ടപരിഹാരത്തിലേക്ക്​ എത്ര ദൂരം​?

കാസർകോട്: പ്രവാസികളുടെ മനസ്സില്‍ അണയാത്ത കനലുകള്‍ കോരിയിട്ട മംഗളൂരു വിമാനദുരന്തത്തിന് ഇന്ന് എട്ടാണ്ട്. ജീവനക്കാരടക്കം 166 പേരുമായി 2010 മേയ് 21ന് രാത്രി ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് മംഗളൂരുവിലേക്ക് തിരിച്ച എയർ ഇന്ത്യ എക്സ്പ്രസ് 812 വിമാനം മംഗളൂരു ബജ്പേ വിമാനത്താവളത്തില്‍ പുലര്‍ച്ച ഒരുമണിയോടെ ലാന്‍ഡിങ്ങിനൊരുങ്ങുന്നതിനിടെയായിരുന്നു അപകടം. ദുരന്തം നടന്ന് എട്ട് വര്‍ഷം പിന്നിട്ടിട്ടും മരിച്ചവരുടെ ആശ്രിതര്‍ക്കു ലഭിക്കേണ്ട അര്‍ഹമായ നഷ്ടപരിഹാരമോ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലിയോ പലര്‍ക്കും ലഭിച്ചിട്ടില്ല. കുടുംബനാഥരും മക്കളും നഷ്ടപ്പെട്ട വീടുകളും അനാഥരായ മക്കളും ദുരന്തത്തി​െൻറ ബാക്കിപത്രമാണിന്നും. 'എനിക്ക് ഭർത്താവിനെ തിരിച്ചുതന്നാൽ മതിയായിരുന്നു. നഷ്ടപരിഹാരത്തിനായി ഒരുപാട് പ്രാവശ്യം കോടതി കയറിയിട്ടുണ്ട്. കേസുകൾ നടന്നു കൊണ്ടിരിക്കുകയാണെന്നും ഉടൻ പരിഹാരം കാണുമെന്നുമാണ് അധികാരികൾ പറയുന്നത്. വലിയ സ്വപ്നത്തോടെയായിരുന്നു ഭർത്താവ് കടൽ കടന്ന് അറേബ്യയിലെത്തിയത്. ഇൗ മൂന്ന് മക്കെളയും കൊണ്ട് ഞാൻ എന്താണ് ചെയ്യുക?' വിമാനാപകടത്തിൽ മരിച്ച കീഴൂരിലെ ഉമേശ​െൻറ ഭാര്യ പ്രമീള പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു. മരിച്ചവരുടെ ആശ്രിതർക്ക് മോണ്‍ട്രിയാല്‍ കരാറടിസ്ഥാനത്തിൽ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് കുമ്പള ആരിക്കാടിയിലെ സലാം സുപ്രീം കോടതിയിൽ ഹരജി നൽകിയിട്ട് ആറ് വർഷം തികയുകയാണ്. ഇതുസംബന്ധിച്ച് ആഗസ്റ്റിനകം നടപടിയുണ്ടാകുമെന്നാണ് അധികൃതർ അറിയിച്ചതെന്ന് സലാം പറഞ്ഞു. സലാമി​െൻറ മകൻ മുഹമ്മദ് റാഫിയാണ് വിമാനാപകടത്തിൽ മരിച്ചത്. നഷ്ടപരിഹാരമായി 35 ലക്ഷം രൂപ ഇവർക്ക് ലഭിച്ചിരുന്നു. അന്നത്തെ വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍ മോണ്‍ട്രിയാല്‍ ഉടമ്പടി പ്രകാരം കുറഞ്ഞത് 76 ലക്ഷം രൂപ വീതം മരിച്ചവരുടെ ആശ്രിതര്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആറുമാസത്തിനകം തുക നല്‍കുമെന്നായിരുന്നു അന്നത്തെ വാഗ്ദാനം. എന്നാല്‍, പലര്‍ക്കും പലവിധത്തിലാണ് നഷ്ടപരിഹാരം വിതരണം ചെയ്തത്. രാഷ്ട്രീയ-ഉദ്യോഗസ്ഥ ചരടുവലികളും ഇതിലുണ്ടായിരുന്നുവെന്നാണ് രക്ഷപ്പെട്ടവരും മരിച്ചവരുടെ ബന്ധുക്കളും പറയുന്നത്. ദുരന്തത്തില്‍ 103 പുരുഷന്മാരും 32 സ്ത്രീകളും 23 കുട്ടികളുമാണ് മരിച്ചത്. ഇതില്‍ നാല് കൈക്കുഞ്ഞുങ്ങളും ഉണ്ടായിരുന്നു. മരിച്ചവരില്‍ 58 പേരും മലയാളികളായിരുന്നു. പലര്‍ക്കും പകുതി തുക കിട്ടാന്‍ വര്‍ഷങ്ങളോളം കോടതി കയറിയിറങ്ങേണ്ടിവന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.