മടിക്കൈ: നാടാകെ പകർച്ചവ്യാധികൾ പടരുമ്പോൾ പ്രതിരോധത്തിന് ഞങ്ങളുമുണ്ട് എന്ന സന്ദേശവുമായി ആരോഗ്യപ്രവർത്തനങ്ങളുമായി ഒരുകൂട്ടം വിദ്യാർഥികൾ. മടിക്കൈ പ്രാഥമികാരോഗ്യകേന്ദ്രം ജീവനക്കാരുടെ മേൽനോട്ടത്തിൽ മടിക്കൈ അമ്പലത്തുകര ഗവ. ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റിലെ അംഗങ്ങളാണ് പഠനസമയത്തിനുശേഷം മാതൃകാപ്രവർത്തനവുമായി രംഗത്തിറങ്ങിയത്. പരിപാടിയുടെ ഭാഗമായി ഗൃഹസന്ദർശനം, ബോധവത്കരണം, ലഘുലേഖ വിതരണം, കൊതുക് കൂത്താടി നശീകരണം, പരിശീലന പരിപാടികൾ, കോർണർ യോഗങ്ങൾ എന്നിവ സംഘടിപ്പിക്കും. വിദ്യാർഥികൾ അവരവരുടെ വീടും പരിസരത്തെ വീടുകളും ആഴ്ചയിലൊരു തവണ നിരീക്ഷിക്കും. പകർച്ചവ്യാധി പടരാനുള്ള സാധ്യതയുണ്ടെങ്കിൽ ആരോഗ്യവകുപ്പ് അധികൃതർക്ക് വിവരം നൽകും. കണ്ടെത്തിയ കാര്യങ്ങൾ പ്രത്യേക പ്രതിരോധ കാർഡിൽ രേഖപ്പെടുത്തുകയും ചെയ്യും. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ പി. ശ്രീധരൻ, എൻ.എസ്.എസ് വളൻറിയർ സെക്രട്ടറിമാരായ വി. അശ്വിൻ, വി.വി. അപർണ എന്നിവരാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്. ഗൃഹസന്ദർശന കാമ്പയിനും പരിശീലനവും മടിക്കൈ ഗ്രാമപഞ്ചായത്തംഗം സി. സരിത ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്‌പെക്ടർ കെ.വി. ഗംഗാധരൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എ. ശ്രീകുമാർ എന്നിവർ ക്ലാസെടുത്തു. വി.കെ. മായ, കെ. പ്രണവ്യ, എം. വിഷ്ണു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.