തലശ്ശേരി: ആവാസവ്യവസ്ഥയിലുണ്ടായ മാറ്റം കാരണം മുെമ്പാരിക്കലുമില്ലാത്ത വിധം രാജ്യത്ത് തവളകൾ വംശനാശ ഭീഷണി നേരിടുകയാണെന്ന് ഡൽഹി യൂനിവേഴ്‌സിറ്റിയിലെ പ്രഫസർ കൊല്ലം കടക്കൽസ്വദേശി എസ്.ഡി. ബിജു 'മാധ്യമ'ത്തോട് പറഞ്ഞു. ഗവ. ബ്രണ്ണൻ കോളജിൽ ശാസ്ത്ര കോൺഗ്രസിൽ ജൈവവൈവിധ്യ സംരക്ഷണത്തെക്കുറിച്ച് പ്രബന്ധമവതരിപ്പിക്കാനെത്തിയതായിരുന്നു അദ്ദേഹം. തവളകളെക്കുറിച്ചാണ് ഇദ്ദേഹം ഗവേഷണം നടത്തുന്നത്. പക്ഷിയും മത്സ്യവും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വംശനാശഭീഷണി നേരിടുന്നത് തവളകളാണ്. ലോകത്ത് തവളകൾ 74 മുതൽ 78 ശതമാനം വരെ വംശനാശഭീഷണി നേരിടുമ്പോൾ ഇന്ത്യയിൽ 80 ശതമാനം ഭീഷണിയിലാണ്. ലോകത്ത് 7014 ഇനം തവളകളുള്ളതിൽ 412 ഇനം ഇന്ത്യയിലാണ്. മത്സ്യം, ഞണ്ട് എന്നിവയെല്ലാം വംശനാശഭീഷണിയിലാണ്. ആവാസവ്യവസ്ഥയിലെ മാറ്റമാണ് തവളകളുടെ നശീകരണത്തിന് കാരണമാകുന്നത്. മണവാട്ടി തവള വീട്ടിലെ ഒരംഗത്തെപ്പോലെയായിരുന്നു. ഇന്നതിനെ അപൂർവമായി മാത്രമെ കണ്ടുവരുന്നുള്ളൂ. ജലാശയങ്ങൾ കെട്ടിടസമുച്ചയങ്ങൾക്ക് വഴിമാറിയതാണ് തവളകൾക്ക് ഭീഷണിയായത്. തണ്ണീർത്തട സംരക്ഷണമാണ് തവളയെ സംരക്ഷിക്കാനുള്ള ഏക പോംവഴി. മനുഷ്യൻ തന്നെയാണ് ജീവജാലങ്ങളുടെ ശത്രു. ഗവേഷണം എന്നത് പലപ്പോഴും മൃഗങ്ങളുടെ കണക്കെടുക്കൽ മാത്രമാവുകയാണ്. എത്ര ജീവജാലങ്ങൾ ഉണ്ടെന്നതിന് ഒരിടത്തും യഥാർഥ കണക്കില്ല. ശാസ്ത്രീയമായി കണ്ടെത്തി വർഗീകരിക്കണം. ഇതിനുള്ള ഗവേഷണത്തിന് മുൻതൂക്കം നൽകണം. തവളയെ പിടിക്കുന്നത് ക്രിമിനൽ കുറ്റമാണ്. കാട്ടിലെ ഉറവകളിൽനിന്ന് വരുന്ന വെള്ളം ശുദ്ധീകരിക്കുന്നത് തവളയാണ്. ഗർഭമുണ്ടോ എന്നറിയാനും പോളണ്ടിൽ പാൽ കേടുവരാതിരിക്കാനും തവളയെ ഉപയോഗപ്പെടുത്തിയിരുന്നു. തവളയെ ഭക്ഷിക്കുന്നത് ഔഷധമാണെന്നതിന് ശാസ്ത്രീയ അടിത്തറയില്ലെന്നും ബിജു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.