ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേത്രോത്സവത്തിെൻറ ഭാഗമായി നടന്ന ആനയോട്ടത്തില്‍ ചെന്താമരാക്ഷൻ ജേതാവ്. ആദ്യമായാണ് ചെന്താമരാക്ഷൻ ആനയോട്ടത്തിൽ ജേതാവാകുന്നത്. കണ്ണൻ രണ്ടാം സ്ഥാനക്കാരനായി. അച്യുതൻ മൂന്നാമതെത്തി. ദേവി നാലാമതും നന്ദിനി അഞ്ചാമതും എത്തി. ക്ഷേത്രത്തിലെ നാഴിക മണി മൂന്നടിച്ചതോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. പാരമ്പര്യ അവകാശികളായ കണ്ടിയൂര്‍ പട്ടത്ത് വാസുദേവന്‍ നമ്പീശന്‍ മാതേമ്പാട്ട് ചന്ദ്രശേഖര നമ്പ്യാര്‍ക്ക് കുടമണികള്‍ കൈമാറി. ചന്ദ്രശേഖര നമ്പ്യാര്‍ പാപ്പാന്‍മാര്‍ക്ക് കുടമണികള്‍ നല്‍കി. ആവേശത്തിൽ ആർത്തുവിളിക്കുന്ന ജനാവലിയുടെ മധ്യത്തിലൂടെ പാപ്പാന്മാര്‍ ഓടി മഞ്ജുളാലിന് സമീപം ഒരുക്കി നിര്‍ത്തിയ ആനകളെ മണികള്‍ അണിയിച്ചു. മാരാര്‍ ശംഖനാദം മുഴക്കിയതോടെ ആനകള്‍ ഓട്ടം തുടങ്ങി. ഗജരത്നം പത്മനാഭനടക്കം 23 ആനകളെയാണ് ആനയോട്ടത്തിന് അണിനിരന്നത്. ഓട്ടത്തില്‍ ഒന്നാമനായ ചെന്താമരാക്ഷന് പത്ത് ദിവസം നീളുന്ന ഉത്സവ ചടങ്ങുകളില്‍ പ്രത്യേക പരിഗണന ലഭിക്കും. പാപ്പാന്മാരായ വൈശാഖ്, രമേഷ്, ഹരി എന്നിവരാണ് ചെന്താമരാക്ഷനെ നിയന്ത്രിച്ചിരുന്നത്. ദേവസ്വം ചെയര്‍മാന്‍ കെ.ബി. മോഹൻദാസ്, ഭരണ സമിതി അംഗങ്ങളായ എം. വിജയൻ, എ.വി. പ്രശാന്ത്, പി. ഗോപിനാഥന്‍, കെ.കെ. രാമചന്ദ്രൻ, മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ജീവധനം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ പി. ശങ്കർ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. എ.സി.പി പി.എ. ശിവദാസെൻറ നേതൃത്വത്തില്‍ വന്‍ സുരക്ഷ സന്നാഹവും ഒരുക്കിയിരുന്നു. വിദേശികളടക്കം വന്‍ജനാവലി ആനയോട്ടം കാണാന്‍ ഗുരുവായൂരിലെത്തിയിരുന്നു. ആനയോട്ടത്തിന് ശേഷം ആനകള്‍ക്ക് വടക്കേനടയില്‍ ഊട്ടും നല്‍കി. നേന്ത്രപ്പഴം, കാരറ്റ്, കുക്കുമ്പര്‍, കരിമ്പ് എന്നിവ വിഭവങ്ങളായിരുന്നു. ചെന്താമരാക്ഷൻ ജേതാവാകുന്നത് ആദ്യം ഗുരുവായൂര്‍: പല തവണ ആനയോട്ടത്തിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും ചെന്താമരാക്ഷൻ ജേതാവാകുന്നത് ഇതാദ്യം. മഞ്ജുളാൽ പരിസരത്തു നിന്നും ആനയോട്ടം തുടങ്ങിയപ്പോൾ നേരത്തെ പത്ത് തവണ ജേതാവായ കണ്ണനായിരുന്നു മുന്നിൽ. എന്നാൽ 50 മീറ്റർ പിന്നിട്ട് ജി.യു.പി സ്കൂളിന് മുന്നിൽവെച്ച് ചെന്താമരാക്ഷൻ കണ്ണനെ മറികടന്നു. പിന്നെ എതിരാളികളില്ലാത്ത മുന്നേറ്റമായിരുന്നു. 2016ൽ ആനയോട്ടത്തിൽ രണ്ടാം സ്ഥാനത്ത് ചെന്താമരാക്ഷനായിരുന്നു. അന്ന് ഗോപീകണ്ണനായിരുന്നു ജേതാവ്. കഴിഞ്ഞ തവണ ചെന്താമരാക്ഷൻ മത്സരിച്ചില്ല. 2004ൽ ശോഭ സിറ്റി ഉടമയായ പി.എൻ.സി. മേനോനാണ് ചെന്താമരാക്ഷനെ നടയിരുത്തിയത്. 28 വയസ്സാണ് പ്രായം കണക്കാക്കുന്നത്. ക്ഷേത്രത്തിലെ ശീവേലി ചടങ്ങുകളിൽ പങ്കെടുക്കുന്ന മികച്ച കൊമ്പന്മാരിൽ ഒന്നാണ് ചെന്താമരാക്ഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.