പീഡിപ്പിക്കുന്നവര്‍ ഇനി 13 വയസ്സിന് മുകളിലുള്ളവരെ തേടിപ്പോകുമോ? -സുരേഷ്‌ഗോപി എം.പി തളിപ്പറമ്പ്: സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിക്കുന്നവര്‍ ഇനി 13 വയസ്സിന് മുകളിലുള്ളവരെ തേടിപ്പോകുമോ എന്ന് രാജ്യസഭാംഗവും സിനിമാതാരവുമായ സുരേഷ്‌ഗോപി. മാങ്ങാട്ടുപറമ്പ് നിഫ്റ്റ് സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 12 വയസ്സുവരെയുള്ള പെൺകുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്നത് സംബന്ധിച്ച് പുറപ്പെടുവിച്ച നിയമത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. വയസ്സ് ഇക്കാര്യത്തില്‍ ഒരു ഘടകമായി കാണേണ്ടതില്ല. നിയമം നിര്‍മിക്കുന്നതല്ല, അത് നടപ്പാക്കുക എന്നതാണ് മുഖ്യമെന്നും അദ്ദേഹം പറഞ്ഞു. മക്കളെ മാതാപിതാക്കൾ നല്ലരീതിയിൽ വളർത്തിയാൽതന്നെ നാട്ടിലെ കുറ്റകൃത്യങ്ങൾ കുറക്കാനാകും. കഴിഞ്ഞമാസം 25ന് താന്‍ നിഫ്റ്റില്‍ സന്ദര്‍ശനം നടത്തി കാമ്പസില്‍ ലൈറ്റുകളും സി.സി.ടി.വി കാമറ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും എം.പിമാരുടെ വികസനഫണ്ടില്‍നിന്ന് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചതിെൻറ പിറ്റേന്ന്തന്നെ മറ്റുള്ളവര്‍ വന്ന് അത് നടപ്പിലാക്കിയതില്‍ സന്തോഷമുണ്ടെന്നും അതാണ് രാഷ്ട്രീയകളികളെന്നും സുരേഷ്‌ഗോപി പറഞ്ഞു. ഇനി എന്തെങ്കിലും പദ്ധതികള്‍ ആവശ്യമുള്ള പ്രദേശങ്ങളുണ്ടെങ്കില്‍ താന്‍ സന്ദര്‍ശനം നടത്താമെന്നും അങ്ങനെയെങ്കിലും കാര്യങ്ങള്‍ ഉടനടി നടപ്പാക്കിക്കിട്ടുമല്ലോയെന്നും അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു. നിഫ്റ്റിലെ വിദ്യാർഥി പ്രതിനിധികളായ പെണ്‍കുട്ടികൾ, ഡയറക്ടര്‍ എൻ. ഇളങ്കോവൻ, അധ്യാപകർ എന്നിവരോടൊപ്പം അരമണിക്കൂറോളം ചെലവഴിച്ചാണ് സുരേഷ്‌ഗോപി തിരിച്ചുപോയത്. ബി.ജെ.പി ജില്ല പ്രസിഡൻറ് പി. സത്യപ്രകാശൻ, വൈസ് പ്രസിഡൻറ് പി. ബാലകൃഷ്ണൻ, ടി.ടി. സോമൻ, ബേബി സുനാഗർ, രവീന്ദ്രന്‍ കടമ്പേരി എന്നിവരും സുരേഷ്‌ഗോപിയോടൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.