കീഴാറ്റൂർ പ്രശ്നത്തിൽ- സർവകക്ഷി യോഗം വിളിക്കണം -രമേശ് ചെന്നിത്തല തളിപ്പറമ്പ്: കീഴാറ്റൂർ പ്രശ്നം രമ്യമായി പരിഹരിക്കാൻ മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദേശീയപാത ബൈപാസിനായി അലൈൻമെൻറ് നിശ്ചയിച്ച കീഴാറ്റൂർ വയലിൽ യു.ഡി.എഫ് പ്രതിനിധി സംഘത്തോടൊപ്പമെത്തിയതായിരുന്നു ചെന്നിത്തല. മലപ്പുറത്തെ പ്രശ്നങ്ങളിൽ ചർച്ചയാവാമെന്ന് പറയുന്ന പൊതുമരാമത്ത് മന്ത്രി, കീഴാറ്റൂർ പ്രശ്നത്തിൽ ചർച്ചയില്ലെന്ന് പറയുന്നത് ജനാധിപത്യവിരുദ്ധമാണ്. ചർച്ചകൾ നടത്തിയാൽ മാത്രമേ മറ്റു സാധ്യതകളെക്കുറിച്ച് അറിയാനും നടപ്പാക്കാനും സാധിക്കൂ. നെൽവയലിലൂടെ ദേശീയപാത കൊണ്ടു പോകാതെ മറ്റ് മാർഗങ്ങൾ ഒന്നിലധികമുണ്ട്. ആ സാധ്യതകൾ ഒന്നും ആരായാതെ ഇതിലൂടെ തന്നെ കൊണ്ടുപോകണമെന്ന് പറയുന്നത് എന്തിനു വേണ്ടിയാണെന്ന് മനസ്സിലാവുന്നില്ല. ചർച്ചക്ക് വിളിച്ചാൽ യു.ഡി.എഫ് ബദൽ മാർഗം നിർദേശിക്കും. അല്ലാതെ തോക്കും ലാത്തിയും ഉപയോഗിച്ച് കീഴാറ്റൂർ സമരത്തെ തകർക്കാനാവില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രദേശത്തെ കർഷകരുടെ പ്രശ്നങ്ങളും പ്രയാസങ്ങളും മനസ്സിലാക്കാതെ സർക്കാർ മുന്നോട്ടുപോവുന്നത് ശരിയല്ല. എന്ത് വില കൊടുത്തും വയൽക്കിളികളെ അടിച്ചമർത്താമെന്നാണ് സർക്കാറിെൻറ നീക്കമെങ്കിൽ അതിനെ പ്രതിപക്ഷം ഒറ്റക്കെട്ടായി എതിർക്കും. സമരം ചെയ്യുന്ന വയൽക്കിളികളെ മുഴുവൻ സാമൂഹികദ്രോഹികളായി ചിത്രീകരിച്ചു ഒറ്റപ്പെടുത്താനുള്ള നീക്കം അപകടകരമായ പ്രവണതയാണെന്നും സമരത്തിന് യു.ഡി.എഫിെൻറ ധാർമികവും രാഷ്ട്രീയവുമായ പിന്തുണ നൽകുന്നതായും ചെന്നിത്തല പറഞ്ഞു. തങ്ങൾ തീരുമാനിച്ചാൽ അത് നടന്നിരിക്കും എന്ന സർക്കാർ ധാർഷ്ട്യം വകവെച്ചു കൊടുക്കാൻ സാധിക്കില്ലെന്ന് സംഘത്തിലുണ്ടായിരുന്ന പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീർ പറഞ്ഞു. പ്രകൃതിയെ തകർത്തു കൊണ്ട് വയലിലൂടെ തന്നെ പാത വേണമെന്ന വാശി എന്തിനാണ്. പൊലീസിനെയും സഖാക്കളെയും ഉപയോഗിച്ച് സമരത്തെ തല്ലി ത്തകർക്കാമെന്ന് വിശ്വസിക്കുന്നുണ്ടെങ്കിൽ ആ വിശ്വാസം അസ്ഥാനത്താണെന്ന് തെളിയിക്കുന്നതായിരിക്കും വരും നാളുകളെന്നും മുനീർ പറഞ്ഞു. കീഴാറ്റൂർ വയലിലെത്തിയ യു.ഡി.എഫ് സംഘത്തെ സുരേഷ് കീഴാറ്റൂരും നമ്പ്രാടത്ത് ജാനകിയമ്മയും ഉൾപ്പെടുന്ന വയൽക്കിളി പ്രവർത്തകർ സ്വീകരിച്ചു. കീഴാറ്റൂർ വയലിൽ നിന്നും വിളയിച്ചെടുത്ത ഗന്ധകശാല നെൽക്കതിർ ജാനകിയമ്മ ചെന്നിത്തലക്ക് നൽകി. വയലും സമീപത്തെ തോടും സംഘം സന്ദർശിച്ചു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് വി.കെ. അബ്ദുൽ ഖാദർ മൗലവി, യു.ഡി.എഫ് ജില്ല ചെയർമാൻ എ.ഡി. മുസ്തഫ, ഫോർവേഡ് ബ്ലോക്ക് സംസ്ഥാന സെക്രട്ടറി റാം മോഹൻ, കെ.പി.സി.സി സെക്രട്ടറിമാരായ സുമ ബാലകൃഷ്ണൻ, വി.എ. നാരായണൻ, സജീവ് ജോസഫ്, എ.ഐ.സി.സി അംഗം ദീപ്തി മേരി വർഗീസ്, ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി, സി.എം.പി നേതാവ് സി.എ. അജീർ, ഇല്ലിക്കൽ അഗസ്തി (ആർ.എസ്.പി), ജോർജ് വടകര (കേരള കോൺ. ജേക്കബ്) എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.