കണ്ണൂർ: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് പ്രതിനിധിസംഘം ഞായറാഴ്ച കീഴാറ്റൂർ സന്ദർശിക്കും. വയൽക്കിളികളുമായി സംസാരിക്കുന്ന സംഘം സമരത്തിെൻറ ഭാവി സംബന്ധിച്ചും ചർച്ച ചെയ്യും. കീഴാറ്റൂർ സമരം തുടങ്ങിയതിനുശേഷം യു.ഡി.എഫ് ജില്ല കമ്മിറ്റി പ്രത്യക്ഷത്തിലുള്ള നിലപാട് പ്രകടിപ്പിച്ചിരുന്നില്ല. എന്നാൽ, സമരക്കാർക്ക് െഎക്യദാർഢ്യവുമായി കീഴാറ്റൂർ പലതവണ യു.ഡി.എഫ് അംഗങ്ങൾ സന്ദർശിച്ചിരുന്നു. കെ. സുധാകരനും ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനിയുൾപ്പെടെയുള്ളവരും സമരക്കാരെ സന്ദർശിച്ചിരുന്നു. ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ടുള്ള പൊതുനിലപാടായി വ്യാഖ്യാനിക്കപ്പെടുമെന്നതിനെ തുടർന്നാണ് യു.ഡി.എഫ് ജില്ല നേതൃത്വം സമരത്തെ തള്ളാതെയും കൊള്ളാതെയും നിന്നത്. കഴിഞ്ഞദിവസം സമരത്തിന് രമേശ് ചെന്നിത്തലയുൾപ്പെടെയുള്ളവർ പിന്തുണ പ്രഖ്യാപിച്ചതോടെ ജില്ലയിലെ യു.ഡി.എഫ് പ്രവർത്തകരും സമരഭൂമിയിൽ സജീവമാകാനുള്ള ഒരുക്കത്തിലാണ്. ഞായറാഴ്ച വൈകീട്ട് മൂന്നിന് കീഴാറ്റൂർ സന്ദർശിക്കുന്ന സംഘത്തിൽ ചെന്നിത്തലക്ക് പുറമെ കെ. സുധാകരൻ, കെ.സി. ജോസഫ്, വി.ഡി. സതീശൻ, എം.കെ. മുനീർ, എൻ.കെ. പ്രേമചന്ദ്രൻ എം.പി, സി.പി. ജോൺ, ആർ. ദേവരാജൻ എന്നിവരുമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.