കീഴാറ്റൂർ സമരത്തെ എതിർക്കുന്നവർ നിയമസഭയിലെ ഒത്തുകളിയെക്കുറിച്ച് പ്രതികരിക്കണം --വയൽക്കിളി ഐക്യദാർഢ്യ സമിതി തളിപ്പറമ്പ്: സ്വാശ്രയ കൊള്ളക്കാരെ സംരക്ഷിക്കാൻ നിയമസഭയിൽ യു.ഡി.എഫിനും ബി.ജെ.പിക്കുമൊപ്പം കൈകോർത്തതിനെക്കുറിച്ച് കീഴാറ്റൂർ സമരത്തിന് എതിരെ ജാഥ നയിക്കുന്ന സി.പി.എം നേതാക്കൾ വിശദീകരിക്കണമെന്ന് കീഴാറ്റൂർ സമര ഐക്യദാർഢ്യ സമിതി ആവശ്യപ്പെട്ടു. കീഴാറ്റൂർ സമരത്തിന് ചില രാഷ്ട്രീയ കക്ഷികൾ പിന്തുണ നൽകിയതിനെ വിമർശിക്കുന്നവരാണ് സ്വാശ്രയ മുതലാളിമാർക്കുവേണ്ടി അതേ കക്ഷികളുടെ പിന്തുണ തേടിയത്. വിദ്യാർഥികളുടെ ഭാവി കണക്കിലെടുത്താണ് നിയമം കൊണ്ടുവന്നതെന്ന് പറയുന്നത് കാപട്യമാണ്. കോടതി വിധിയെ തുടർന്ന് പഠനം നഷ്ടപ്പെടുന്ന വിദ്യാർഥികളിൽ മൃഗീയഭൂരിപക്ഷം തലവരിപ്പണം നൽകി പ്രവേശനം നേടിയവരാണ്. എൻട്രൻസ് പരീക്ഷയിൽ ഇവരെക്കാൾ ഉയർന്ന റാങ്ക് നേടിയ പതിനായിരങ്ങൾക്ക് കോഴനൽകാൻ കഴിയാത്തതിനാൽ മെഡിക്കൽപഠനം നഷ്ടപ്പെട്ടിട്ടുണ്ട്. അവർക്കുവേണ്ടി നിയമമുണ്ടാക്കാത്തവരാണ് കോഴ നൽകിയവരെ സംരക്ഷിക്കുന്നത്. കീഴാറ്റൂർ ബൈപാസ് പ്രശ്നത്തിൽ കേന്ദ്രമാണ് അലെയിൻമെൻറ് തീരുമാനിക്കേണ്ടതെന്ന് പറഞ്ഞവരാണ് സ്വാശ്രയ കൊള്ളക്കാരെ രക്ഷിക്കാൻ സുപ്രീംകോടതി വിധി മറികടക്കാൻ നിയമം കൊണ്ടുവന്നത്. പിന്തിരിപ്പൻ നയങ്ങൾ നടപ്പാക്കുന്നതിൽ ഇടതുമുന്നണിയും യു.ഡി.എഫും ബി.ജെ.പിയും ഒറ്റക്കെട്ടാണെന്നാണ് ഇതിലൂടെ തെളിയുന്നതെന്നും കൺവീനർ നോബിൾ എം. പൈക്കട പ്രസ്താവനയിൽ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.