കണ്ണൂർ: വെൽഫെയർ പാർട്ടി ഏപ്രിൽ ഒന്നു മുതൽ 18 വരെ ദേശവ്യാപകമായി നടത്തുന്ന പ്രക്ഷോഭപരിപാടികളുടെ ഭാഗമായി കണ്ണൂരിൽ ബഹുജനറാലി സംഘടിപ്പിക്കും. ഏപ്രിൽ 11ന് വൈകീട്ട് കലക്ടറേറ്റ് മൈതാനിയിൽ സംഘടിപ്പിക്കുന്ന ബഹുജനറാലി പാർട്ടി ദേശീയ പ്രസിഡൻറ് ഡോ. എസ്.ക്യു.ആർ. ഇല്യാസ് ഉദ്ഘാടനംചെയ്യുമെന്ന് സംസ്ഥാന ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംഘ്പരിവാർ നിയന്ത്രിത ബി.ജെ.പി സർക്കാറിെൻറ ജനദ്രോഹനടപടികളിലും ദലിതരെയും മുസ്ലിംകളെയും മതന്യൂനപക്ഷങ്ങളെയും ഉന്മൂലനംചെയ്യാനുള്ള ശ്രമങ്ങൾക്കെതിരെയുമാണ് 'എല്ലാവരുടേതുമാണ് ഇന്ത്യ' എന്ന മുദ്രാവാക്യമുയർത്തി ദേശീയപ്രക്ഷോഭം സംഘടിപ്പിക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു. ഭരണഘടനാസ്ഥാപനങ്ങളെയും ജനാധിപത്യസംവിധാനത്തെയും ദുർബലപ്പെടുത്തി സമഗ്രാധിപത്യം നേടാനാണ് സംഘ്പരിവാർ ശ്രമിക്കുന്നത്. ആഭ്യന്തരശത്രുക്കളായി പ്രഖ്യാപിച്ച മുസ്ലിംകളെയും ക്രൈസ്തവരെയും വംശീയ ഉന്മൂലനം നടത്താനാണ് ശ്രമിക്കുന്നത്. പട്ടിക ജാതിക്കാർക്കെതിരെയുള്ള അതിക്രമം തടയൽ നിയമത്തിൽ വെള്ളംചേർക്കാൻ ശ്രമിക്കുന്നതിനെതിരെ രാജ്യമെമ്പാടും നടന്ന ദലിത് പ്രക്ഷോഭത്തെ ബി.ജെ.പി സർക്കാറുകൾ തോക്കുകൊണ്ടാണ് നേരിട്ടത്. 11 പേരെയാണ് പൊലീസും ആർ.എസ്.എസും ചേർന്ന് കൊലപ്പെടുത്തിയത്. കാർഷിക കടം മൂലം വലഞ്ഞ കർഷകർ കഴിഞ്ഞ ജൂണിൽ നടത്തിയ സമരത്തിനുനേരെയും സമാനനിലപാടാണ് ബി.ജെ.പി സർക്കാറുകൾ സ്വീകരിച്ചത്. പശുവിെൻറ പേരിൽ രാജ്യത്ത് ദലിതർക്കും മുസ്ലിംകൾക്കും നേരെ നടക്കുന്ന കൊലകളെക്കുറിച്ച് ധവളപത്രം പുറപ്പെടുവിക്കുക, രാജ്യത്തെ നിയമനിർമാണ സഭകളിൽ മുസ്ലിംകൾക്ക് ജനസംഖ്യാനുപാത പ്രാതിനിധ്യം ഉറപ്പാക്കുക, എസ്.സി-എസ്.ടി ജനവിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയൽ നിയമം ലഘൂകരിക്കുന്നതിനെ തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നടക്കുന്ന ദേശീയപ്രക്ഷോഭത്തിെൻറ ഭാഗമായി ഏപ്രിൽ 18ന് പാർലമെൻറ് മാർച്ച് നടത്തും. വാർത്തസമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡൻറ് റസാഖ് പാലേരി, സംസ്ഥാന സെക്രട്ടറി ജബീന ഇർഷാദ്, ജില്ല പ്രസിഡൻറ് സൈനുദ്ദീൻ കരിവെള്ളൂർ, ജില്ല ജനറൽ സെക്രട്ടറി ബെന്നി ഫെർണാണ്ടസ്, ജില്ല വൈസ് പ്രസിഡൻറ് പ്രസന്നൻ പള്ളിപ്രം, ജില്ല സെക്രട്ടറി സി. മുഹമ്മദ് ഇംതിയാസ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.