കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ തനത് ഫണ്ടടക്കം 27 കോടിയോളം രൂപ സർക്കാർ ട്രഷറി അക്കൗണ്ടിൽനിന്ന് പിൻവലിച്ചു. മാർച്ച് മാസത്തെ ശമ്പളം ഏപ്രിൽ നാലായിട്ടും ലഭിക്കാത്തതിനെ തുടർന്നാണ് വിവരം അധികൃതർ പുറത്തുവിട്ടത്. ശമ്പളം മുടങ്ങിയതോടെ സർവകലാശാല സ്റ്റാഫ് ഒാർഗൈനസേഷെൻറ ആഭിമുഖ്യത്തിൽ ജീവനക്കാർ പ്രതിഷേധിച്ചു. സർവകലാശാലകളുടെ ഫണ്ടുകൾ മുമ്പ് ദേശസാത്കൃത ബാങ്കുകളിലാണ് സൂക്ഷിച്ചിരുന്നത്. എന്നാൽ, നോട്ട് നിരോധനത്തെത്തുടർന്ന് സാമ്പത്തിക പ്രതിസന്ധിയുണ്ടായ സമയത്ത് സർവകലാശാലകളുടെ ഫണ്ടുകൾ ട്രഷറിയിലേക്ക് മാറ്റണമെന്ന് സർക്കാർ നിർദേശിച്ചിരുന്നു. സർവിസ് സംഘടനകൾ ഇതിനെതിരെ പ്രതിഷേധമുയർത്തിയിരുന്നുവെങ്കിലും ട്രഷറിയിലേക്ക് മാറ്റി. ഇൗ അക്കൗണ്ടിൽനിന്നാണ് പണം മറ്റ് ആവശ്യങ്ങൾക്ക് സർക്കാർ ഉപയോഗിച്ചിരിക്കുന്നത്. സർവകലാശാല നടത്തിയ വിവിധ ഇടപാടുകളുമായി ബന്ധപ്പെട്ട് നിലവിൽ എട്ടുകോടിയോളം രൂപയുടെ ചെക്കുകൾ നൽകിയിട്ടുണ്ട്. ഇവ അക്കൗണ്ടിൽ കാശില്ലാതെ മടങ്ങിയാൽ ചെക്ക് ലഭിച്ചവർ സർവകലാശാലക്കെതിരെ നിയമനടപടി സ്വീകരിക്കാനും സാധ്യതയുണ്ട്. പ്രതിഷേധസമരത്തിന് സ്റ്റാഫ് ഒാർഗനൈസേഷൻ പ്രസിഡൻറ് ജയൻ ചാലിൽ, ജനറൽ സെക്രട്ടറി കെ.പി. പ്രേമൻ, ഷാജി കാക്കാട്ട്, ഷാജി കരിപ്പത്ത് എന്നിവർ നേതൃത്വം നൽകി. അതേസമയം, ശമ്പളം നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഫിനാൻസ് ഒാഫിസർ ജീവനക്കാർക്ക് ഉറപ്പുനൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.