മൊഗ്രാൽപുത്തൂർ (കാസർകോട്): പേരാൽ കണ്ണൂർ സീതി വലിയുല്ല മഖാം ഉറൂസിനും ബെദ്രഡുക്ക കിന്നിമാനി ക്ഷേത്ര ഉത്സവത്തിനുമെത്താൻ ഇനി 12 കിലോമീറ്റർ ചുറ്റിവളയണ്ട. പകരം, മധുവാഹിനിപ്പുഴക്ക് കുറുകെ നാട്ടുകാർ കവുങ്ങിൽ തീർത്ത സ്നേഹപ്പാലമുണ്ട്. ഇതുകടന്നാൽ ഭക്തർക്ക് എളുപ്പത്തിൽ ഇരുസ്ഥലങ്ങളിലും എത്തിച്ചേരാം. ഉത്സവ, ഉറൂസ് കാലത്ത് പ്രതിദിനം നൂറുകണക്കിന് പേരാണ് പുഴകടന്ന് കടന്നുവരേണ്ടത്. പാലമില്ലാത്തതിനാൽ ഉളിയത്തടുക്ക വഴി 12 കിലോമീറ്റർ ചുറ്റിവരണം. ഇതൊഴിവാക്കാനാണ് മൊഗ്രാൽപുത്തൂർ പഞ്ചായത്തിലെ കമ്പാറിൽനിന്ന് പുത്തിഗെ പഞ്ചായത്തിലെ പേരാൽ കണ്ണൂരിലേക്ക് താൽക്കാലിക കവുങ്ങുപാലം നിർമിച്ചത്. ഇരുപ്രദേശത്തും സമാന്തര തീരദേശ റോഡുണ്ട്. പാലം നിർമിച്ചാൽ ഭെൽ -കിൻഫ്ര തമ്മിലുള്ള ദൂരം ഒരു കിലോമീറ്ററായി കുറയും. മഴ വരുന്നതുവരെ മാത്രമേ കവുങ്ങുപാലത്തിന് നിലനിൽപുള്ളൂ. മഴയത്ത് ഇത് നശിക്കുമെന്ന് നാട്ടുകാർ പറഞ്ഞു. എന്നാൽ, ആഘോഷകാലത്ത് ജനങ്ങൾക്ക് വലിയ ഉപകാരമാകും. മധുവാഹിനിപ്പുഴക്ക് പാലം നിർമിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം മൊഗ്രാൽ പുത്തൂർ ലോക്കൽ കമ്മിറ്റി സർക്കാറിന് നിവേദനം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.