പാപ്പിനിശ്ശേരി: അടച്ചുപൂട്ടൽഭീഷണിയിലായ വിദ്യാലയത്തെ സംരക്ഷിക്കാന്‍ നാട്ടുകാർ കൈകോർത്തപ്പോൾ ലഭിച്ചത് ഹൈടെക് പദവി. തളിപ്പറമ്പ് സൗത്ത് ഉപജില്ലയിലെ പാന്തോട്ടത്തെ മൊറാഴ വെസ്റ്റ് എൽ.പി സ്കൂളിനാണ് പ്രദേശവാസികളുടെ കൈത്താങ്ങിൽ ലക്ഷ്യത്തിലെത്തിയത്. നവീകരിച്ച കെട്ടിടത്തിെൻറ ഉദ്ഘാടനം ജൂൺ അഞ്ചിന് ഉച്ചക്ക് ഒരു മണിക്ക് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് നിർവഹിക്കും. നാടിെൻറ ഉത്സവമാക്കിമാറ്റാനുള്ള തയാറെടുപ്പിലാണ് നാട്ടുകാരും സംഘാടക സമിതിയും കുട്ടികളും. 125 വർഷം പഴക്കമുള്ള ഈ വിദ്യാലയം നാടിെൻറ അക്ഷരവിളക്കായിരുന്നു. 2017 മാർച്ച് 31-ന് സ്കൂൾ അടക്കുമ്പോൾ 38 കുട്ടികൾ മാത്രമാണ് ഉണ്ടായിരുന്നത്. സ്കൂളിെൻറ ഉയര്‍ച്ച മങ്ങിയസാഹചര്യത്തിലാണ് നല്ലവരായ നാട്ടുകാരുടെ ഇടപെടലുണ്ടായത്. ഒരുകൂട്ടം അക്ഷരസ്നേഹികൾ എയ്ഡഡ് വിദ്യാലയമായതിനാൽ മാനേജ്മെൻറിനെ കാണുകയും സമ്മതംവാങ്ങി ഏപ്രിൽ മൂന്നിന് പഴയ കെട്ടിടം പൊളിച്ചുനീക്കുകയുമായിരുന്നു. ഒരു മാസത്തിനുള്ളിൽതന്നെ സ്കൂളിെൻറ കോൺക്രീറ്റ് അടക്കമുള്ള പ്രവൃത്തികൾ രാപ്പകൽ ഭേദമില്ലാതെയാണ് നാട്ടുകാരുടെ ശ്രമഫലമായി പൂർത്തിയാക്കിയത്. നാട്ടുകാർ 34 ലക്ഷം രൂപ സ്വരൂപിച്ചാണ് സ്കൂളിെൻറ നവീകരണപ്രവൃത്തിക്ക് തുടക്കമിട്ടത്. ഇതോടൊപ്പം മാനേജ്മെൻറും അധ്യാപകരും അവരുടെവക സാമ്പത്തികസഹായവും നൽകിയതോടെ നവീകരണപ്രവൃത്തിക്ക് കൊഴുപ്പേറി. മികച്ച നാലു ക്ലാസ് മുറികൾ, ഓഫിസ് മുറി, കമ്പ്യൂട്ടർ ലാബ് എന്നിവയെല്ലാം പുതിയ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്. കുട്ടികൾ കുറഞ്ഞ വിദ്യാലയത്തിൽ ഇത്തവണ 15 കുട്ടികളാണ് പുതുതായി പ്രവേശനം തേടിയത്. വരുംവർഷങ്ങളിൽ കുട്ടികളുടെ എണ്ണത്തിൽ വർധനവാണ് സ്കൂൾ സംരക്ഷണസമിതി ലക്ഷ്യമിടുന്നത്. കെ. ശിവദാസൻ, ഇ.പി. രാധാകൃഷ്ണൻ, ടി.എൻ. ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകിയ കമ്മിറ്റിയാണ് വികസനപ്രവൃത്തികൾക്ക് ചുക്കാൻപിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.