ജില്ലയിലെ കുടിവെള്ള പദ്ധതികള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം

കണ്ണൂര്‍: ജില്ലയിലെ കുടിവെള്ള പദ്ധതികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണമെന്ന് വരള്‍ച്ച നേരിടാനായി നടത്തിയ മുന്നൊരുക്കം വിലയിരുത്താന്‍ ചേര്‍ന്ന വകുപ്പുമേധാവികളുടെ യോഗത്തില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍ദേശിച്ചു. കുടിവെള്ള വിതരണത്തിന് 355 ജല കിയോസ്ക്കുകള്‍ ജില്ലയില്‍ നിലവിലുണ്ട്. ഇവ സ്ഥാപിക്കുന്നതിന് അനുയോജ്യമായ 838 പോയന്‍റുകളുടെ പട്ടിക സംസ്ഥാന സര്‍ക്കാറിന് കൈമാറിയിട്ടുണ്ട്. 400ലേറെ സ്ഥലങ്ങളില്‍ ഇവ സ്ഥാപിക്കുന്നതിനുള്ള സ്റ്റാന്‍ഡ് നിര്‍മിക്കുന്നതിന് ‘നിര്‍മിതി’ക്ക് ഭരണാനുമതി നല്‍കിയതായി യോഗം വിലയിരുത്തി. ജലവിതരണത്തിനായി ഉപയോഗിക്കുന്ന സ്വകാര്യ കിണറുകളില്‍നിന്നുള്ള ജലത്തിന്‍െറ ഗുണനിലവാരം ഉറപ്പാക്കാന്‍ ഇതിനകം പരിശോധന പൂര്‍ത്തിയായി. ഡി.എം.ഒയുടെ നേതൃത്വത്തില്‍ ഇക്കാര്യത്തില്‍ തുടര്‍നടപടി സ്വീകരിക്കും. താലൂക്ക് അടിസ്ഥാനത്തില്‍ വരള്‍ച്ച നേരിടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്ക് ചുമതല നല്‍കിയതായി ജില്ല കലക്ടര്‍ മിര്‍ മുഹമ്മദലി അറിയിച്ചു. ശുദ്ധജല വിതരണവുമായി ബന്ധപ്പെട്ട് വാട്ടര്‍ കിയോസ്ക്കുകള്‍, ടാങ്കര്‍ ലോറികള്‍ വഴിയുള്ള ജലവിതരണം തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങളറിയാനുതകുന്ന പ്രത്യേക മൊബൈല്‍ ആപ്പ് ഒരാഴ്ചക്കകം തയാറാകുമെന്നും കലക്ടര്‍ പറഞ്ഞു. ദീര്‍ഘകാല കുടിവെള്ള പദ്ധതികളില്‍ ഭാഗികമായി കമീഷന്‍ ചെയ്യാനാവുന്നവ ഉടന്‍ അങ്ങനെ ചെയ്യണം. കേടായിക്കിടക്കുന്ന ഹാന്‍ഡ് പമ്പുകള്‍ നന്നാക്കണം. ജലസംരക്ഷണത്തിന്‍െറ ഭാഗമായി പുഴകളില്‍ സ്ഥിരം തടയണ നിര്‍മിക്കുന്നത് സ്വാഭാവിക ഒഴുക്കിനെ പ്രതികൂലമായി ബാധിക്കുമെന്ന് അഭിപ്രായമുയര്‍ന്ന സാഹചര്യത്തില്‍ താല്‍ക്കാലിക തടയണകള്‍ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. മഴവെള്ള സംഭരണം, കിണര്‍ റീചാര്‍ജിങ് തുടങ്ങിയ രീതികള്‍ക്ക് മുന്‍ഗണന നല്‍കണം. ഒരു മാസത്തിനകം പുതിയ കുഴല്‍ക്കിണറുകള്‍ കുഴിക്കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയതായും മന്ത്രി പറഞ്ഞു. ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റിയുടെയും മലപ്പട്ടം, ചെങ്ങളായി പഞ്ചായത്തുകളുടെയും ജപ്പാന്‍ കുടിവെള്ളമത്തൊത്ത ഭാഗങ്ങളില്‍ താല്‍ക്കാലികമായി ലോറികളില്‍ വെള്ളം എത്തിക്കാനുള്ള സംവിധാനമൊരുക്കണമെന്നും മന്ത്രി പറഞ്ഞു. തന്‍െറ മണ്ഡലത്തില്‍ സ്വീകരിച്ച വരള്‍ച്ചനിവാരണ പദ്ധതികളെക്കുറിച്ച് സണ്ണിജോസഫ് എം.എല്‍.എ യോഗത്തില്‍ വിശദീകരിച്ചു. യോഗത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ്, സബ് കലക്ടര്‍ രോഹിത് മീണ, എ.ഡി.എം ഇ. മുഹമ്മദ് യൂസുഫ്, വകുപ്പ് തലവന്മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.