താ​യ​ത്തെ​രു​വി​ൽ പു​ലി​യി​റ​ങ്ങി​യെ​ന്ന്​ അ​ഭ്യൂ​ഹം: കാ​ൽ​പാ​ട്​ കാ​ണാ​ൻ ആ​ളു​ക​ളൊ​ഴു​കിയെത്തി; പു​ലി​യ​ല്ലെ​ന്ന്​ സ്​​ഥി​രീ​ക​രി​ച്ച്​ വ​നം​വ​കു​പ്പ്​

കണ്ണൂർ സിറ്റി: വീട്ടുമുറ്റത്ത് കണ്ട കാൽപാടുകൾ പുലിയുടേതാണെന്ന അഭ്യൂഹം പരന്നതോടെ കണ്ണൂർ വീണ്ടും ശ്രദ്ധാകേന്ദ്രമായി. തായത്തെരു മൊയ്‌തീൻ പള്ളിക്ക് സമീപമാണ് പുലിയുടേതെന്നു സംശയിക്കുന്ന കാൽപാടുകൾ കണ്ടത്. വട്ടത്തുവളപ്പ് ഭാഗത്ത് ജനാബ് അബാദിൽ സറീനയുടെ വീട്ടുവളപ്പിലാണ് പുലിയുടേതെന്ന് സംശയിക്കാവുന്ന തരത്തിലുള്ള കാൽപാട് കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. കാൽപാദത്തിെൻറ ചിത്രം വനം വകുപ്പിന് അയക്കുകയും ചെയ്തു. ഇതിനിടെ വിവരമറിഞ്ഞ് ആളുകൾ എത്തിത്തുടങ്ങിയിരുന്നു. അവധിക്കാലമായതിനാൽ കുട്ടികളും സ്ത്രീകളുമുൾപ്പെടെ പ്രദേശവാസികൾ സ്ഥലത്തേക്കൊഴുകി. വീടിനു മുൻവശത്തെ കാൽപാടുകൾ പരിശോധിച്ച് ഒാരോരുത്തരും തങ്ങളുടെ നിഗമനങ്ങൾ വ്യക്തമാക്കുന്നുണ്ടായിരുന്നു. ഉച്ചക്ക് ഒന്നോടെ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ കെ.വി. വിനോദെൻറ നേതൃത്വത്തിലെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കാൽപാദം പുലിയുടേതല്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഭയപ്പാടോടെ സമീപിച്ച സ്ത്രീകളടക്കമുള്ള പരിസരവാസികൾക്ക്, ആശങ്കപ്പെടാനില്ലെന്നും തങ്ങൾ വിളിപ്പുറത്തുതന്നെ ഉണ്ടെന്നും വനംവകുപ്പ് അധികൃതർ ഉറപ്പ് നൽകി. മാർച്ച് അഞ്ചിനായിരുന്നു കണ്ണൂരിൽ ‘വിരുന്നെത്തിയ’ പുലിയെ മയക്കുവെടിെവച്ച് വീഴ്ത്തിയത്. തായത്തെരു കസാനക്കോട്ട റെയിൽവേ കട്ടിങ്ങിനു സമീപത്തുനിന്ന് മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനുശേഷമാണ് അന്നു രാത്രി 10.30ഒാടെ വെടിവെച്ചത്. കാഴ്ചക്കാരായെത്തിയ ആയിരങ്ങളെ നിയന്ത്രിക്കാൻ അധികൃതർ നന്നേ പാടുപെട്ടിരുന്നു. ഒരു മാസത്തിനുശേഷം ചൊവ്വാഴ്ച വീണ്ടും പുലിയെന്നു കേട്ടതോടെ ഒന്നമ്പരന്നെങ്കിലും ഉച്ചയോടെ വനംവകുപ്പധികൃതർ സ്ഥലത്തെത്തി പുലിയല്ലെന്ന് സ്ഥിരീകരിച്ചതോടെയാണ് പ്രദേശവാസികൾക്കും നിയമപാലകർക്കും ശ്വാസം നേരെ വീണത്. അഞ്ചോളംപേരെ കടിച്ചുപരിക്കേൽപ്പിച്ചു മണിക്കൂറുകളോളം പരാക്രമം കാട്ടി പിടിയിലായ പുലി അന്ന് ആദ്യം ഈ വീടിനു സമീപത്തും എത്തിയിരുന്നു. ഇതിനടുത്തുള്ള വീട്ടിലെ ഗർഭിണിയായ പശുവിനും അന്ന് പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.