രാ​ജ്യ​ത്തെ ആ​ദ്യ പ്ലാ​സ്​​റ്റി​ക്​ സ​ഞ്ചി, ഡി​സ്​​പോ​സി​ബി​ൾ വി​മു​ക്​​ത ജി​ല്ല​യാ​യി ക​ണ്ണൂ​ർ

കണ്ണൂർ: കണ്ണൂരിനെ ഡിസ്‌പോസിബിള്‍ വസ്തുക്കളും പ്ലാസ്റ്റിക് സഞ്ചികളുമില്ലാത്ത രാജ്യത്തെ ആദ്യ ജില്ലയായി പ്രഖ്യാപിച്ചു. തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ സാന്നിധ്യത്തില്‍ പി.കെ. ശ്രീമതി എം.പിയാണ് പ്രഖ്യാപനം നിര്‍വഹിച്ചത്. ജില്ലാതല മോണിറ്ററിങ് കമ്മിറ്റി അംഗങ്ങളായ കണ്ണൂർ കോർപറേഷൻ മേയര്‍ ഇ.പി. ലത, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, ജില്ല കലക്ടര്‍ മിര്‍ മുഹമ്മദലി, ജില്ല പൊലീസ് മേധാവി ജി. ശിവ വിക്രം എന്നിവരും സന്നിഹിതരായിരുന്നു. 2016 നവംബര്‍ ഒന്നിന് ആരംഭിച്ച ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഒരു ഘട്ടമാണ് ഇപ്പോൾ പൂര്‍ത്തിയായതെന്ന് പി.കെ. ശ്രീമതി പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെയും ജനങ്ങളുടെയും പിന്തുണ നല്ലതോതില്‍ ലഭിച്ചിട്ടുണ്ട്. ഇതിനകം ജില്ലയിലെ 81 തദ്ദേശസ്ഥാപനങ്ങളും പ്ലാസ്റ്റിക് കാരിബാഗ്--ഡിസ്‌പോസിബിള്‍ ഫ്രീ പ്രഖ്യാപനം നടത്തി. ഇതിെൻറ തുടര്‍ച്ചയായാണ് ജില്ലതല പ്രഖ്യാപനം. തുണിസഞ്ചികൾ ഉപയോഗത്തിൽ വരുന്നതോടെ വീടുകളിൽ സ്ത്രീകൾക്ക് തൊഴിൽസംരംഭം വർധിക്കുമെന്നും എം.പി കൂട്ടിച്ചേർത്തു. പൊതുസ്ഥലങ്ങളും ജലാശയങ്ങളും മാലിന്യമുക്തമാക്കാന്‍ നിയമനടപടിയേക്കാള്‍ പ്രധാനം ജനങ്ങളുടെ അവബോധമാണെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അഭിപ്രായപ്പെട്ടു. മാലിന്യം വലിച്ചെറിയുന്ന രീതി മാറ്റിയെടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നല്ലമണ്ണ്, നല്ലനാട് എന്ന സന്ദേശവുമായി ജില്ല പഞ്ചായത്തും കോര്‍പറേഷനും ജില്ല ഭരണകൂടവും തദ്ദേശസ്ഥാപനങ്ങളും ഒന്നിച്ച് ആരംഭിച്ച പ്രവര്‍ത്തനത്തിെൻറ ഭാഗമായി വിപുലമായ ബോധവത്കരണങ്ങളാണ് നടന്നതെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് പറഞ്ഞു. ജില്ലതല പ്രഖ്യാപനത്തിനുശേഷം നിയമപരമായ നടപടികള്‍കൂടി ആരംഭിക്കും. നമ്മുടെ മണ്ണും ജലവും മാലിന്യമുക്തമാക്കാനുള്ള ഈ സംരംഭത്തില്‍ ജനങ്ങള്‍ സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. കാലവര്‍ഷം ആരംഭിക്കുന്നതിനുമുമ്പ് ജലാശയങ്ങളും കണ്ടല്‍പ്രദേശങ്ങളും മാലിന്യമുക്തമാക്കുകയാണ് ലക്ഷ്യമെന്ന് ജില്ല കലക്ടര്‍ മിര്‍ മുഹമ്മദലി പറഞ്ഞു. ഇതിനായി ശക്തമായ നടപടി സ്വീകരിക്കാനാണ് ഉദ്ദേശ്യമെന്നും കലക്ടര്‍ കൂട്ടിച്ചേർത്തു. പ്ലാസ്റ്റിക് ഫ്രീ കണ്ണൂരിെൻറ മാതൃകയായി കലക്ടറേറ്റ്, ജില്ല പഞ്ചായത്ത്, കോര്‍പറേഷന്‍ ഓഫിസ് എന്നിവ മാറ്റും. ഇവിടെയും പരിസരങ്ങളിലും എല്ലാതരം ഡിസ്‌പോസിബിള്‍ വസ്തുക്കളും ഫ്ലക്‌സുകളും പൂര്‍ണമായി ഒഴിവാക്കും. വാര്‍ത്താസമ്മേളനത്തില്‍ ശുചിത്വമിഷന്‍ ജില്ല കോഒാഡിനേറ്റര്‍ വി.കെ. ദിലീപ്, അസി. കോഓഡിനേറ്റര്‍ സുരേഷ് കസ്തൂരി എന്നിവരും സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.