കുടുംബിനികള്‍ക്ക് വിസ്മയക്കാഴ്ചയൊരുക്കി ‘പഴമയുടെ പൊലിമ’

കണ്ണൂര്‍: കുടുംബശ്രീ, അയല്‍ക്കൂട്ടങ്ങളില്‍ അംഗങ്ങളായ കുടുംബിനികള്‍ക്ക് വിസ്മയക്കാഴ്ചയൊരുക്കി ‘പഴമയുടെ പൊലിമ’. കുടുംബശ്രീ മിഷന്‍െറ നേതൃത്വത്തിലുള്ള പൊലിവ് പരിപാടിയുടെ ഭാഗമായി കണ്ണൂര്‍ ജില്ലാ മിഷന്‍െറ ഓഡിറ്റ് വിഭാഗമായ കാസ് ആണ് പരമ്പരാഗത കാര്‍ഷിക ഉപകരണങ്ങളുടെ പ്രദര്‍ശനവും സെമിനാറും സംഘടിപ്പിച്ചത്. പതിറ്റാണ്ടുകള്‍ക്കുമുമ്പ് കേരളത്തിലെ കര്‍ഷകര്‍ ഉപയോഗിച്ചുവന്നിരുന്ന ഏത്തക്കൊട്ട, കലപ്പ തുടങ്ങി കഴിഞ്ഞ കുറച്ചുകാലം മുമ്പുവരെ കാര്‍ഷികമേഖലയിലെ സജീവസാന്നിധ്യമായിരുന്ന നാഴി, ഇടങ്ങഴി തുടങ്ങിയ അളവുപാത്രങ്ങള്‍വരെയുള്ള 450ല്‍പരം കാര്‍ഷിക ഉപകരണങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. താവം സ്വദേശിയായ കെ.വി. ഭാസ്കരന്‍െറ സഹായത്തോടെയാണ് കാസ് കാര്‍ഷികോപകരണങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ചത്. കാല്‍നൂറ്റാണ്ടായി ഭാസ്കരന്‍ ശേഖരിച്ച പരമ്പരാഗത കാര്‍ഷിക ഉപകരണങ്ങളും കാര്‍ഷികരീതികളെക്കുറിച്ച് മനസ്സിലാക്കിത്തരുന്ന ഉപകരണങ്ങളും പണ്ടുകാലങ്ങളില്‍ മരത്തടികളില്‍ നിര്‍മിച്ച മെതിയടി, വിവിധതരം നെല്‍വിത്തുകള്‍, ആദിമമനുഷ്യര്‍ ഉപയോഗിച്ച വിവിധതരം വസ്തുക്കള്‍ എന്നിവയും പ്രദര്‍ശനത്തിന്‍െറ മാറ്റുകൂട്ടുന്നു. പ്രദര്‍ശനം കാണാനത്തെിയവര്‍ക്ക് പഴയകാല കാര്‍ഷിക ഉപകരണങ്ങളുടെ പേരും ഉപയോഗവും സംബന്ധിച്ച് ഭാസ്കരന്‍ വിശദീകരിച്ചുനല്‍കി. അന്യംനിന്നുപോകുന്ന കാര്‍ഷികസംസ്കാരത്തിന്‍െറയും കാലഹരണപ്പെട്ടുപോയ തിരുവാതിര ഞാറ്റുവേലകളുടേയും സ്മരണകള്‍ പുതുതലമുറകളിലും വിദ്യാര്‍ഥികളിലും പൊതുജനങ്ങളിലും ഉയര്‍ത്തുന്നതിനായി സംഘടിപ്പിച്ച പരിപാടി ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വെള്ളോറ രാജന്‍ അധ്യക്ഷത വഹിച്ചു. ഡിവൈ.എസ്.പി ടി. പി. രഞ്ജിത്ത്, എം.കെ. ജയപ്രകാശ്, പി.പി. അബ്ദുസ്സലാം, എ. രാജേഷ് എന്നിവര്‍ സംസാരിച്ചു. ഗീതാ കിഷോര്‍ സ്വാഗതവും രാജി മോഹന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് റെയ്ഡ്കോയുടെ സഹകരണത്തോടെ നൂതന കാര്‍ഷികരീതികള്‍ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ സുധീര്‍കുമാര്‍, ഐ.എസ്. ദിനേശന്‍ എന്നിവര്‍ ക്ളാസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.