ഇ.എസ്.ഐ ആശുപത്രി സൂപ്രണ്ടിനും ഹെഡ് ക്ളര്‍ക്കിനുമെതിരെ വനിതാ കമീഷനില്‍ പരാതി

കണ്ണൂര്‍: തോട്ടട ഇ.എസ്.ഐ ആശുപത്രി സൂപ്രണ്ടും ഹെഡ് ക്ളര്‍ക്കും ജീവനക്കാരിയെ മാനസികമായി പീഡിപ്പിക്കുകയും വൈരാഗ്യബുദ്ധിയോടെ പെരുമാറുകയും ചെയ്യുന്നുവെന്നുകാണിച്ച് ഭര്‍ത്താവ് വനിതാകമീഷന് പരാതി നല്‍കി. പാരാമെഡിക്കല്‍ ജീവനക്കാരിയായ യുവതിയുടെ ഭര്‍ത്താവാണ് പരാതി നല്‍കിയത്. പാരാമെഡിക്കല്‍ ജീവനക്കാരിയും ഗര്‍ഭിണിയുമായ യുവതിയോട് ആശുപത്രി സൂപ്രണ്ട് നേരത്തെ തസ്തികമാറി ജോലിചെയ്യാന്‍ നിര്‍ദേശിച്ചിരുന്നു. ഓഫിസിലെ ക്ളര്‍ക്കിനെ സഹായിക്കണമെന്നായിരുന്നു നിര്‍ദേശം. വകുപ്പുമാറി ജോലിചെയ്യല്‍ പ്രയാസമാണെന്നും ഇങ്ങനെ ചെയ്യേണ്ടതില്ളെന്നും സമാനമായ മറ്റൊരു കേസില്‍ കോടതി ഉത്തരവുണ്ടെന്നും കാണിച്ച് യുവതി സൂപ്രണ്ടിനു മറുപടി നല്‍കിയിരുന്നു. ഇതിന്‍െറ വിരോധമെന്നോണം പകപോക്കുകയാണെന്നാണ് പരാതി.ഗര്‍ഭിണിയായ യുവതി ജോലിചെയ്യുന്ന വിഭാഗത്തില്‍ ശുചിമുറി സൗകര്യമില്ലാത്തതിനാല്‍ സമീപത്തെ മറ്റൊരു സെക്ഷനില്‍ പ്രാഥമികാവശ്യത്തിന് പോയതിനെ ജോലിചെയ്യാതെ കറങ്ങിനടക്കുകയാണെന്നും മറ്റു ഡിപ്പാര്‍ട്മെന്‍റില്‍ ജോലി ചെയ്യുകയാണെന്നും കുറ്റപ്പെടുത്തി അനാവശ്യ വിശദീകരണ നോട്ടീസ് നല്‍കിയതായും ആവശ്യമില്ലാത്ത സമയങ്ങളില്‍ ഫാനും ലൈറ്റും ഓണ്‍ ചെയ്തിടുന്നുണ്ടെന്ന് കുറ്റപ്പെടുത്തുന്നതായും പരാതിയില്‍ പറയുന്നു. ഗര്‍ഭിണിയായ ജീവനക്കാരിയുടെ പ്രാഥമികാവശ്യങ്ങള്‍ നിഷേധിക്കുന്ന നിലയിലുള്ള പെരുമാറ്റമാണ് ഉണ്ടാവുന്നതെന്നും പരാതിയുണ്ട്. വനിതാ ഡോക്ടര്‍കൂടിയായ സൂപ്രണ്ടും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്നും വനിതാ കമീഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. യുവതി ജോലിചെയ്യുന്ന സ്ഥലത്ത് ഹെഡ് ക്ളര്‍ക്ക് ഇടക്കിടെ ഒളിച്ചുനോക്കുകയും യുവതിയെ തുറിച്ചുനോക്കുന്നതും പതിവാണെന്നും ഇത് മാനസിക സമര്‍ദത്തിന് ഇടയാക്കുന്നുണ്ടെന്നും പരാതിയുണ്ട്. പരാതി ഫയലില്‍ സ്വീകരിച്ച വനിതാ കമീഷന്‍ ആശുപത്രി സൂപണ്ട്, ഹെഡ് ക്ളര്‍ക്ക് എന്നിവരെ കണ്ണൂരില്‍ നടക്കുന്ന സിറ്റിങ്ങില്‍ വിചാരണക്കായി വിളിപ്പിച്ചിട്ടുണ്ട്. നാളെ രാവിലെ 10ന് കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് സിറ്റിങ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.