കണ്ണൂര്‍: പതിറ്റാണ്ടുകളായി സ്ഥലപരിമിതി മൂലം വീര്‍പ്പുമുട്ടുന്ന കെ.എസ്.ആര്‍.ടി.സി കണ്ണൂര്‍ ഡിപ്പോ ഓഫിസ് കെട്ടിടം ബുധനാഴ്ച മുതല്‍ പൊളിച്ചു തുടങ്ങി. ജീവനക്കാരുടെ വിശ്രമവും ഇടുങ്ങിയ ഈ കെട്ടിടത്തിലായിരുന്നു. ആഗസ്റ്റ് 20നകം കെട്ടിടം പൂര്‍ണമായി പൊളിച്ചുനീക്കും. ഓഫിസ് സംവിധാനങ്ങള്‍ താല്‍ക്കാലികമായി കെ.എസ്.ആര്‍.ടി.സി ഷോപ്പിങ് കോംപ്ളക്സിലെ മുറികളിലേക്ക് മാറി. പഴയ കെട്ടിടം പൊളിച്ചുനീക്കുന്നിടത്ത് ജന്‍റം ബസുകളുടെ ഗാരേജാണ് നിര്‍മിക്കുക. 12 ബസുകള്‍ ഒരേസമയം ഗാരേജില്‍ നിര്‍ത്തിയിടാന്‍ സാധിക്കും. ഇതിനായി ഒരുവര്‍ഷം മുമ്പ് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായെങ്കിലും ഇന്നലെ മാത്രമാണ് പൊളിച്ചുതുടങ്ങിയത്. 4.21 ഏക്കര്‍ വിസ്തൃതിയുള്ള കെ.എസ്.ആര്‍.ടി.സിയുടെ സ്ഥലത്ത് സ്ഥിതിചെയ്യുന്ന കെട്ടിടത്തില്‍ 1964ലാണ് കെ.എസ്.ആര്‍.ടി.സി കണ്ണൂര്‍ ഡിപ്പോ പ്രവര്‍ത്തനമാരംഭിക്കുന്നത്. മുന്‍ എം.എല്‍.എ എ.പി. അബ്ദുല്ലക്കുട്ടിയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് ഒരു കോടി രൂപ ഉപയോഗിച്ച് പഴയ ഓഫിസിന് സമീപം ആരംഭിച്ച കെട്ടിടനിര്‍മാണം പുരോഗമിക്കുകയാണ്. മൂന്ന് നിലകളിലായാണ് പുതിയ ഓഫിസ് കെട്ടിടമുയരുക. ഇതില്‍ രണ്ടുനിലകളുടെ പ്രവൃത്തി പൂര്‍ത്തിയായി. 2016 ഡിസംബര്‍ വരെ സമയമുണ്ടെങ്കിലും രണ്ട് മാസത്തിനകം പ്രവൃത്തി പൂര്‍ത്തീകരിച്ച് കൈമാറുമെന്ന് കരാറുകാര്‍ വ്യക്തമാക്കി. ഓഫിസ്, വിശ്രമ മുറി, പരിശീലന പരിപാടികള്‍ക്കായി കോണ്‍ഫറന്‍സ് ഹാള്‍ എന്നിങ്ങനെ സൗകര്യങ്ങളാണ് പുതിയ കെട്ടിടത്തിലൊരുക്കുക. ശരാശരി 33,000 കിലോമീറ്ററുകളാണ് ഡിപ്പോയിലെ 100ഓളം സര്‍വിസുകളിലായി ബസുകള്‍ ഓടുന്നത്. ദിനംപ്രതി 10 ലക്ഷത്തിനടുത്താണ് ഇപ്പോള്‍ കണ്ണൂര്‍ ഡിപ്പോയില്‍ വരുമാനം. ഡിപ്പോയിലെ പൊട്ടിപ്പൊളിഞ്ഞ യാര്‍ഡ് ടാര്‍ ചെയ്യാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി ആഴ്ചകള്‍ പിന്നിട്ടിട്ടും നടപ്പായില്ല. ഡിപ്പോയിലും പരിസരത്തും വെളിച്ചവും മെച്ചപ്പെട്ട കാന്‍റീനും വനിതാ ജീവനക്കാര്‍ക്ക് സൗകര്യപ്രദമായ വിശ്രമ മുറിയുമാണ് ജീവനക്കാരുടെ ഇനിയുള്ള ആവശ്യങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.