സ്റ്റേഷന്‍ മാസ്റ്റേഴ്സ് അസോസിയേഷന്‍ മാസ്ക് ധരിച്ച് പ്രതിഷേധിക്കുന്നു

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍െറ ശുചിത്വമില്ലായ്മക്കെതിരെ സ്റ്റേഷന്‍ മാസ്റ്റേഴ്സ് അസോസിയേഷന്‍െറ നേതൃത്വത്തില്‍ റെയില്‍വേ ജീവനക്കാര്‍ പ്രതിഷേധദിനം ആചരിക്കുന്നു. സെപ്തംബര്‍ 16ന് ജില്ലയിലെ എല്ലാ റെയില്‍വേ സ്റ്റേഷന്‍ മാസ്റ്റര്‍മാരും ജീവനക്കാരും പ്രതിഷേധത്തില്‍ പങ്കാളികളാകും. പാലക്കാട് ഡിവിഷനിലെ എ വണ്‍ റെയില്‍വേ സ്റ്റേഷനായ കണ്ണൂരില്‍ യാര്‍ഡ് ഏപ്രണ്‍ ചെയ്യാത്തതിനാല്‍ യാത്രക്കാരും ജീവനക്കാരും രോഗാതുരമായ അന്തരീക്ഷത്തിലാണ് ജീവിക്കുന്നത്. മാലിന്യവും ചെളിയും നിറഞ്ഞ ട്രാക്കില്‍ ഇറങ്ങി നിന്നാണ് ജീവനക്കാര്‍ ഷണ്ടിങ് നടത്തുന്നതും കോച്ച് പരിശോധിക്കുന്നതും. ഡീസല്‍ നിറക്കാനും വെള്ളം പിടിക്കുന്നതിനുമായി ട്രെയിനുകള്‍ ദീര്‍ഘനേരം നിര്‍ത്തിയിടുന്ന സ്റ്റേഷനാണ് കണ്ണൂര്‍. അതുകൊണ്ടു തന്നെ വിസര്‍ജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ട്രാക്കില്‍ നിറഞ്ഞിരിക്കുകയാണ്. ഏപ്രണ്‍ നിര്‍മ്മിച്ചാല്‍ ജെറ്റ് പൈപ്പ് മുഖേന ഈ മാലിന്യങ്ങള്‍ എളുപ്പത്തില്‍ നിശ്ചിത സ്ഥലത്തേക്കു നീക്കി സംസ്കരിക്കാനാവും. ഇക്കാര്യം ചൂണ്ടിക്കാട്ടി നിരവധി തവണ സ്റ്റേഷന്‍ മാസ്റ്റേഴ്സ് അസോസിയേഷന്‍െറ ആഭിമുഖ്യത്തില്‍ നിവേദനം നല്‍കിയിട്ടും നടപടിയില്ലാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധ ദിനത്തിന് അസോസിയേഷന്‍ കണ്ണൂര്‍ യൂനിറ്റിന്‍െറ നേതൃത്വത്തില്‍ ആഹ്വാനം ചെയ്തത്. 16ന് പ്രതീകാത്മകമായി മാസ്ക് ധരിക്കുകയും ബാഡ്ജ് ധരിച്ചുകൊണ്ട് ഡ്യൂട്ടി നിര്‍വഹിക്കുകയും ചെയ്യും. സ്റ്റേഷന്‍ യാര്‍ഡ് പ്രദക്ഷിണവും പ്രതിഷേധത്തിന്‍െറ ഭാഗമായി നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.