ജീവനക്കാരുടെ കുറവ് ; റീജനല്‍ ഫോറന്‍സിക് ലാബില്‍ നിരവധി കേസുകള്‍ കെട്ടിക്കിടക്കുന്നു

കണ്ണൂര്‍: കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന പൊലീസ് വകുപ്പിന്‍െറ റീജനല്‍ ഫോറന്‍സിക് സയന്‍സ് ലാബില്‍ ജീവനക്കാര്‍ വേണ്ടത്രയില്ലാത്തതിനാല്‍ ആയിരക്കണക്കിന് കേസുകള്‍ കെട്ടിക്കിടക്കുന്നു. എന്‍.ഐ.എ, ഇന്‍റലിജന്‍സ് ബ്യൂറോ എന്നിവ അന്വേഷിക്കുന്ന രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വ്യാജ പാസ്പോര്‍ട്ട് കേസുകളുടേത് ഉള്‍പ്പെടെ 2000ത്തോളം സാമ്പിളുകളാണ് പരിശോധന കാത്തിരിക്കുന്നത്. പാസ്പോര്‍ട്ട് തട്ടിപ്പ്, വ്യാജരേഖ നിര്‍മാണം, ചെക്ക് തട്ടിപ്പ് എന്നിവ സംബന്ധിച്ച പരിശോധന നടത്തുന്ന ഡോക്യുമെന്‍റ്സ് വിഭാഗത്തിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ ശേഷിക്കുന്നത്. കെമിസ്ട്രി വിഭാഗത്തിലും 900ത്തോളം കേസുകളുടെ സാമ്പിളുകള്‍ പരിശോധിക്കാന്‍ ബാക്കിയുണ്ട്. പരിശോധനാ റിപ്പോര്‍ട്ട് ലഭിക്കാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവരുന്നത് കേസന്വേഷണത്തിന് തടസ്സമാവുന്നു. കണ്ണൂരിലേക്ക് നിയമനം ലഭിക്കുന്നവര്‍ ഇവിടെ ജോലിചെയ്യാന്‍ താല്‍പര്യം പ്രകടിപ്പിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഈ വിഭാഗത്തില്‍ ജോലിചെയ്യുന്നവരില്‍ ഏറെയും തെക്കന്‍ ജില്ലകളില്‍ നിന്നുള്ളവരാണ്. ചുമതലയേല്‍ക്കുന്നവര്‍ അധികകാലം ഇവിടെ ഉണ്ടാകാറില്ല. സ്വാധീനം ഉപയോഗിച്ച് സ്വന്തം ജില്ലയിലേക്ക് സ്ഥലംമാറ്റം തരപ്പെടുത്തും. ഇത് ശേഷിക്കുന്ന ഉദ്യോഗസ്ഥരുടെ ജോലി ഭാരം വര്‍ധിപ്പിക്കുകയാണ്. 2009 വരെയുള്ള കെട്ടിക്കിടക്കുന്ന കേസുകളുടെ സാമ്പിള്‍ പരിശോധനയാണ് ഇപ്പോള്‍ നടത്തുന്നത്. 2010ന് ശേഷം എത്തിയവയുടെ പൊതി അഴിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. കെമിസ്ട്രി ഡിവിഷന്‍െറ ചുമതലയില്‍ നേരത്തേയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ സ്ഥലംമാറ്റത്തിനുള്ള ശ്രമത്തിനിടയില്‍ ജോലിയില്‍ അനാസ്ഥ കാട്ടിയതാണ് ഈ വിഭാഗത്തില്‍ കേസുകള്‍ കുന്നുകൂടാന്‍ കാരണമായത്. കൊലപാതകം, ലൈംഗിക പീഡനം, കവര്‍ച്ച, വ്യാജ രേഖ ചമയ്ക്കല്‍ എന്നിങ്ങനെ രാസ പരിശോധന ആവശ്യമുള്ള ശരാശരി 60 ഓളം കേസുകള്‍ ഓരോ വിഭാഗത്തിലും മാസം തോറും പുതുതായി എത്തുന്നുണ്ട്. കേസുകളുടെ വര്‍ധനവിന് ആനുപാതികമായി ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ നടപടിയുണ്ടാകുന്നില്ല. തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിന് പുറമെ സംസ്ഥാനത്ത് കണ്ണൂരടക്കം രണ്ട് റീജനല്‍ ലാബുകളാണുള്ളത്. തൃശൂരിലാണ് മറ്റൊന്ന്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് സിറ്റി, കോഴിക്കോട് റൂറല്‍, വയനാട് ജില്ലകളിലെ വിദഗ്ധ പരിശോധന ആവശ്യമുള്ള കേസുകളുടെ സാമ്പിളുകള്‍ കണ്ണൂര്‍ ലാബിലേക്കാണ് എത്തുന്നത്. ബയോളജി, കെമിസ്ട്രി, ഫിസിക്സ്, ഡോക്യുമെന്‍റ്സ് എന്നീ വിഭാഗങ്ങളിലായി ശാസ്ത്രജ്ഞരും സഹായികളുമടക്കം 13 ജീവനക്കാര്‍ ആവശ്യമുള്ളയിടത്ത് അടുത്തകാലം വരെ പകുതിയോളം തസ്തികകള്‍ ഒഴിഞ്ഞ് കിടക്കുകയായിരുന്നു. ഇപ്പോള്‍ ജോയന്‍റ് ഡയറക്ടര്‍ ഉള്‍പ്പെടെ 10പേര്‍ മാത്രമാണുള്ളത്. നാല് അസി. ഡയറക്ടര്‍മാര്‍ വേണ്ടയിടത്ത് മൂന്നുപേര്‍. എട്ട് സയന്‍റിഫിക് അസിസ്റ്റന്‍റുമാരില്‍ രണ്ടുപേരുടെ കുറവുണ്ട്. ഫിസിക്സ് വിഭാഗത്തില്‍ അസി. ഡയറക്ടറുടെ തസ്തിക അനുവദിച്ചിട്ടില്ല. ഒരു സയന്‍റിഫിക് അസിസ്റ്റന്‍റ് മാത്രമാണുള്ളത്. ഇവിടെ പരിശോധന നടത്തേണ്ട സ്ഫോടനം, വാഹനാപകടങ്ങള്‍ എന്നിവ സംബന്ധിച്ച കേസുകളുടെ സാമ്പിളുകള്‍ തിരുവനന്തപുരത്തെ ഫോറന്‍സിക് ലബോറട്ടറിയിലേക്കാണ് അയക്കുന്നത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിക്കാന്‍ ഒരു സയന്‍റിഫിക് അസിസ്റ്റന്‍റ് മാത്രമാണുണ്ടായിരുന്നത്. ഇയാളെ ട്രെയിനിങ്ങിന് അയച്ചതോടെ പകരം ആളില്ലാതായി. സയന്‍റിഫിക് അസിസ്റ്റന്‍റുമാരുടെ കുറവ് കാരണം മറ്റു ജില്ലകളിലും സാമ്പിള്‍ ശേഖരിക്കാന്‍ ആളില്ലാത്ത സ്ഥിതിയുണ്ട്. കൂടിയ ജോലി ഭാരവും കുറഞ്ഞ ശമ്പളവും ഈ മേഖലയില്‍ നിന്ന് ആളുകള്‍ അകന്നുപോകാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നു. 2007ലാണ് കണ്ണൂരിലെ റീജനല്‍ ഫോറന്‍സിക് സയന്‍സ് ലാബ് പ്രവര്‍ത്തനമാരംഭിച്ചത്. ഇതിനുശേഷം റിക്രൂട്ട് ചെയ്ത 100 ജീവനക്കാരില്‍ 75 പേരും പരിശീലനം പൂര്‍ത്തിയാക്കിയശേഷം ജോലി ഉപേക്ഷിച്ച് പോവുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.