കരിങ്കല്‍ ക്വാറി–ക്രഷര്‍ പണിമുടക്ക് തുടങ്ങി

ആലക്കോട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കരിങ്കല്‍ ക്വാറി-ക്രഷര്‍ ഉടമകള്‍ ആരംഭിച്ച സമരം നിര്‍മാണ മേഖലക്ക് തിരിച്ചടിയാകുന്നു. കണ്ണൂര്‍ വിമാനത്താവളം ഉള്‍പ്പെടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സമരം നീണ്ടുപോകുന്നത് ബാധിക്കും. സംസ്ഥാന വ്യാപകമായി ചെറുകിട ക്രഷര്‍-ക്വാറി ഉടമകളുടെ സംഘടനകള്‍ ആരംഭിച്ച സമരത്തിന് വന്‍കിട ക്വാറി ഉടമകളും പിന്തുണ നല്‍കിയതോടെ സംസ്ഥാനത്തെ മുഴുവന്‍ ക്വാറികളും ക്രഷറുകളും നിശ്ചലമായിരിക്കുകയാണ്. കണ്ണൂര്‍ ജില്ലയില്‍ മാത്രം 5000ത്തിലധികം തൊഴിലാളികളാണ് ക്വാറികളിലും ക്രഷറുകളിലുമായി ജോലി ചെയ്യുന്നത്. ഇവരുടെ വരുമാനം കൊണ്ടുമാത്രം ജീവിക്കുന്ന കുടുംബങ്ങള്‍ക്ക് സമരം നീണ്ടുപോകുന്നത് മുഴുപ്പട്ടിണിയാകും നല്‍കുക. മണല്‍ക്ഷാമം രൂക്ഷമായി തുടരുന്നതിനാല്‍ കെട്ടിട നിര്‍മാണത്തിനും മറ്റും ക്രഷര്‍ സാന്‍റാണ് ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കുന്നത്. ക്രഷര്‍ യൂനിറ്റുകള്‍ അടച്ചിട്ടതോടുകൂടി നിര്‍മാണ മേഖല മുഴുവനായി നിശ്ചലമാകുന്ന സ്ഥിതിവിശേഷമാണ് ഉണ്ടാകാന്‍ പോകുന്നത്. സമരം നീണ്ടുപോകാതെ ചര്‍ച്ചയിലൂടെ പ്രശ്ന പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നാണ് ക്വാറി-ക്രഷര്‍ ഉടമകളും തൊഴിലാളികളും ആവശ്യപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.