വാഹനങ്ങള്‍ കാടുമൂടി തുരുമ്പെടുക്കുന്നു

ചക്കരക്കല്ല്: ചക്കരക്കല്ല് പൊലീസ് സ്റ്റേഷനില്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ കാടുമൂടി തുരുമ്പെടുക്കുന്നു. ചക്കരക്കല്ല് പൊലീസ് സ്റ്റേഷനുവേണ്ടി നിര്‍മിച്ച പനയത്താംപറമ്പിലെ സ്റ്റേഷന്‍ പരിസരത്താണ് നിരവധി ലോറികള്‍, ട്രക്കുകള്‍, ഓട്ടോറിക്ഷകള്‍, വാന്‍, ബൈക്കുകള്‍ എന്നിവ തുരുമ്പെടുത്ത് നശിക്കുന്നത്. പനയത്താംപറമ്പില്‍ സ്ഥാപിച്ച സ്റ്റേഷന്‍ സാങ്കേതിക കാരണങ്ങളാല്‍ പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. മതിയായ രേഖകളില്ലാതെ പൂഴി കടത്താന്‍ ഉപയോഗിച്ച മിനിലോറികളാണ് പിടികൂടിയ വാഹനങ്ങളിലധികവും. വിശാലമായ പ്രദേശത്ത് നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്കിടയില്‍ തെരുവു നായ്ക്കള്‍, കുറുക്കന്മാര്‍ എന്നിവ താവളമാക്കുന്നുണ്ട്. ഇതുകാരണം പ്രദേശത്ത് ജനങ്ങള്‍ പുറത്തിറങ്ങാന്‍ മടിക്കുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. സ്കൂളുകളിലും മദ്റസകളിലും പോകുന്ന കുട്ടികള്‍ ഭീതിയോടെയാണ് ഇതിലൂടെ കടന്നുപോകുന്നത്. അതേസമയം, പിടിച്ചെടുക്കപ്പെട്ട വാഹനങ്ങള്‍ക്ക് മതിയായ രേഖകളില്ലാത്തതാണ് ഉടമസ്ഥര്‍ തിരിച്ചെടുക്കാത്തതെന്ന് അധികൃതര്‍ പറഞ്ഞു. പിടിച്ചെടുത്ത വാഹനങ്ങള്‍ നിര്‍ത്തിയിട്ട വിശാലമായ പ്രദേശം സുരക്ഷാവേലികള്‍ കെട്ടി സംരക്ഷിക്കാത്തതാണ് തെരുവു നായ്ക്കളും മറ്റും താവളമാക്കുന്നതെന്ന് നാട്ടുകാരും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.