നടുവില്‍ ബസ്സ്റ്റാന്‍ഡില്‍ നടുവൊടിയും

നടുവില്‍: ടാറിങ് പൂര്‍ണമായും തകര്‍ന്ന് നടുവില്‍ ബസ്സ്റ്റാന്‍ഡ് നിറയെ കുണ്ടും കുഴികളുമായി മാറി. തകര്‍ന്ന കരിങ്കല്ലുകള്‍ വ്യാപാര സ്ഥാപനങ്ങളിലേക്കും മറ്റും തെറിക്കുന്നത് ഭീഷണിയായിരിക്കുകയാണ്. മഴ പെയ്താല്‍ ചളിക്കുളമായി സ്റ്റാന്‍ഡ് മാറുകയാണ്. പഞ്ചായത്തിന് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന സ്റ്റാന്‍ഡിനോട് അധികൃതര്‍ കാണിക്കുന്ന അവഗണന മൂലമാണ് സ്റ്റാന്‍ഡ് ഈ നിലയിലായി മാറിയത്. ടാറിങ് തകര്‍ന്നതിന് പുറമെ ബസ് കാത്തിരിപ്പ് കേന്ദ്രവും ശോച്യാവസ്ഥയിലാണ്. ആസ്ബസ്റ്റോസ് ഷീറ്റടക്കം തകര്‍ന്ന് തുടങ്ങിയ വെയ്റ്റിങ് ഷെല്‍ട്ടര്‍ അസൗകര്യത്താല്‍ വീര്‍പ്പുമുട്ടുന്നു. സ്റ്റാന്‍ഡിലെ മൂത്രപ്പുരയും യാത്രക്കാര്‍ക്ക് ഉപകാരപ്പെടാത്ത സ്ഥിതിയാണ്. ശുചീകരണത്തിന് ആളില്ലാത്തതിനാല്‍ സ്ത്രീകളുടെ ടോയ്ലറ്റ് മിക്കപ്പോഴും അടച്ചിടാറാണ്. ടാക്സി തൊഴിലാളികളാണ് പുരുഷന്മാരുടെ ടോയ്ലറ്റ് ശുചീകരണം നടത്തുന്നത്. വെള്ളവും മറ്റും കൃത്യമായി ലഭിക്കാത്തതുമൂലം ഇതും പല ദിവസങ്ങളിലും അടച്ചിടാറാണ്. എട്ടോളം സര്‍ക്കാര്‍ ഓഫിസുകള്‍, ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഉള്‍പ്പെടെ വിദ്യാലയങ്ങള്‍, നൂറിലേറെ വ്യാപാര സ്ഥാപനങ്ങള്‍ എന്നിവ സ്ഥലത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടങ്ങളിലെല്ലാമായി നൂറുകണക്കിന് യാത്രക്കാരാണ് ദിനംപ്രതി സ്റ്റാന്‍ഡിലത്തെുന്നതും. ദീര്‍ഘദൂര ബസുള്‍പ്പെടെ 15ഓളം കെ.എസ്.ആര്‍.ടി.സി ബസുകളും 10ലേറെ സ്വകാര്യ ബസുകളും സ്റ്റാന്‍ഡില്‍ കയറിയിറങ്ങുന്നുണ്ട്. സ്റ്റാന്‍ഡ് ഉദ്ഘാടനത്തിനുശേഷം ഒരുവിധ സൗകര്യങ്ങളും വര്‍ധിപ്പിക്കാന്‍ പഞ്ചായത്ത് തയാറായിട്ടില്ല. ടാറിങ് അടക്കം പൊട്ടിപ്പൊളിഞ്ഞ് തീര്‍ത്തും ശോച്യാവസ്ഥയിലായിട്ടും തിരിഞ്ഞുനോക്കാന്‍ ഭരണ സമിതി തയാറാകുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.