പഴയങ്ങാടി: മുട്ടുകണ്ടി പുഴയോരത്തെ കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ വ്യാപകമായി മാലിന്യം നിക്ഷേപിക്കുന്നു. സല്‍ക്കാരങ്ങളിലെ അവശിഷ്ടങ്ങള്‍, പ്ളാസ്റ്റിക് മാലിന്യങ്ങള്‍, ഹോട്ടലുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും മാലിന്യങ്ങള്‍ എന്നിവയാണ് പ്ളാസ്റ്റിക് ബാഗുകളില്‍ കെട്ടി കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ നിക്ഷേപിക്കുന്നത്. ആശുപത്രി, കശാപ്പ് മാലിന്യങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് പഴയങ്ങാടിയിലത്തെിച്ച് പുഴയിലും പുഴയോരത്തുമായി തള്ളിയിടുകയാണ്. കുപ്പം പുഴയുടെ സംരക്ഷണത്തിനും മാലിന്യമുക്തിക്കും വേണ്ടി പദ്ധതികള്‍ ആവിഷ്കരിക്കുമ്പോഴാണ് കുപ്പം പുഴയിലും തീരത്തും വന്‍തോതില്‍ മാലിന്യം നിക്ഷേപിക്കുന്നതില്‍ അധികൃതര്‍ നിസ്സംഗത തുടരുന്നത്. മാലിന്യങ്ങളിലെ രാസ വിഷം കണ്ടല്‍ക്കാടുകളുടെ നിലനില്‍പിന് ഭീഷണിയുയര്‍ത്തുകയാണ്. പുഴയോരത്തും ഭാഗികമായി പുഴയിലും തിങ്ങി വളരുന്ന കണ്ടല്‍ക്കാടുകള്‍ വിവിധ തരം ജീവികളുടെയും മത്സ്യങ്ങളുടെയും ആവാസ കേന്ദ്രം കൂടിയാണ്. വ്യാപകമായി നിക്ഷേപിക്കുന്ന മാലിന്യങ്ങള്‍ നിരവധി പരിസ്ഥിതി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പുഴയോരത്ത് നിന്ന് തെരുവുനായ്ക്കള്‍ മാലിന്യങ്ങള്‍ വലിച്ച് റോഡിലും നടപ്പാതകളിലും കൊണ്ടിടുന്നതും ജനങ്ങള്‍ക്ക് ദുരിതമാകുന്നു. മാലിന്യങ്ങള്‍ കൂടിയതോടെ തെരുവുനായകളുടെ ശല്യവും മേഖലയില്‍ രൂക്ഷമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.