കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനിലെ പ്രഥമ സാരഥികളുടെ സത്യപ്രതിജ്ഞാ ചടങ്ങ് ആവേശകരമായി. നഗരസഭാ ഓഫിസ് അങ്കണത്തില്‍ പ്രത്യേകമൊരുക്കിയ പന്തലില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ് 55 അംഗങ്ങളും പ്രതിജ്ഞയെടുത്തത്. ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍ മുതിര്‍ന്ന കൗണ്‍സിലംഗം പള്ളിക്കുന്ന് നാലാം വാര്‍ഡിലെ പി.കെ. വസന്തക്ക് ആദ്യം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പിന്നീട് വസന്ത മറ്റ് അംഗങ്ങള്‍ക്ക് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. പഞ്ഞിക്കയില്‍ വാര്‍ഡില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് വിമതന്‍ പി.കെ. രാഗേഷാണ് ഏറ്റവും ഒടുവില്‍ സത്യപ്രതിജ്ഞ ചൊല്ലിയത്. അംഗങ്ങളില്‍ ഭൂരിഭാഗവും ദൃഢപ്രതിജ്ഞയെടുത്തപ്പോള്‍ ചിലര്‍ അല്ലാഹുവിന്‍െറ നാമത്തിലും മറ്റു ചിലര്‍ ഈശ്വര നാമത്തിലും പ്രതിജ്ഞ ചൊല്ലി. അംഗങ്ങളുടെ പേര് വിളിക്കുമ്പോള്‍ കൈയടിച്ചും മുദ്രാവാക്യം മുഴക്കിയും സദസ്സ് പിന്തുണ അറിയിച്ചു. പി.കെ. വസന്തയുടെ അധ്യക്ഷതയില്‍ ആദ്യ കൗണ്‍സില്‍ യോഗം ചേര്‍ന്ന ശേഷമാണ് ചടങ്ങുകള്‍ അവസാനിച്ചത്. സെക്രട്ടറി വി.ജെ. കുര്യന്‍ മേയര്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച നോട്ടീസ് വായിച്ചു. അംഗങ്ങള്‍ക്ക് ഇതിന്‍െറ പകര്‍പ്പും നല്‍കി. നവംബര്‍ 18ന് രാവിലെ 11ന് മേയര്‍ തെരഞ്ഞെടുപ്പും ഉച്ച രണ്ടിന് ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പും നടക്കും. കോര്‍പറേഷന്‍ അംഗങ്ങളുടെ ബന്ധുക്കളും പാര്‍ട്ടി പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിക്കാനത്തെിയിരുന്നു. 1000 പേര്‍ക്കിരിക്കാവുന്ന പന്തല്‍ നിറഞ്ഞുകവിഞ്ഞ് നഗരസഭാ ഓഫിസ് പരിസരത്തും പുറത്തും ജനക്കൂട്ടം തിങ്ങിനിറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍, സംസ്ഥാന സമിതിയംഗം കെ.പി. സഹദേവന്‍, സി.പി.ഐ ജില്ലാ സെക്രട്ടറി പി. സന്തോഷ് കുമാര്‍, ഡി.സി.സി പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് വി.കെ.അബ്ദുല്‍ ഖാദര്‍ മൗലവി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പ്രഫ. കെ.എ. സരള, മുന്‍ നഗരസഭാ ചെയര്‍പേഴ്സന്‍ എം.സി. ശ്രീജ തുടങ്ങിയ നേതാക്കളും സദസ്സിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.