കെ.എസ്.ടി.പി റോഡ് നിര്‍മാണം: വിജിലന്‍സ് പരിശോധന നടത്തി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് കെ. എസ്.ടി.പിയുടെ നാലുവരിപ്പാത നിര്‍മാണത്തില്‍ ക്രമക്കേട് നടന്നുവെന്ന ആരോപണത്തിന്‍െറ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധനക്കത്തെി. കാസര്‍കോട് വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോയിലെ ഡിവൈ.എസ്.പി. കെ.വി. രഘുരാമന്‍െറ നേതൃത്വത്തിലുള്ള സംഘമാണ് തിങ്കളാഴ്ച പരിശോധന നടത്തിയത്. മാനദണ്ഡമനുസരിച്ചുള്ള മെക്കാഡം റോഡ് നിര്‍മാണത്തിന് പകരം റീടാറിങ് മാത്രം നടത്തിയതായി പരാതിയുയര്‍ന്ന നഗരത്തിലെ റോഡ് സംഘം നിരീക്ഷിച്ചു. ശേഷം മാവുങ്കാല്‍ മൂലക്കണ്ടത്ത് പ്രവര്‍ത്തിക്കുന്ന കെ.എസ്.ടി.പി കണ്‍സള്‍ട്ടന്‍സി ഓഫിസിലും പരിശോധന നടത്തി. കമ്പനിയുടെ ഡെപ്യൂട്ടി റസിഡന്‍റ് എന്‍ജിനീയര്‍ സുശീല്‍ കുമാറിനോട് വിവരങ്ങള്‍ ആരാഞ്ഞു. ഇദ്ദേഹം എസ്റ്ററിമേറ്റ് സംബന്ധിച്ച വിവരങ്ങള്‍ വിശദീകരിച്ചു. കാഞ്ഞങ്ങാട് ടൗണിലെ 1.75 കിലോമീറ്റര്‍ ഭാഗത്ത് ഭൂമിയുടെ ഉറപ്പ് കണക്കിലെടുത്ത് നിലവിലുള്ള റോഡിന് മുകളില്‍ 13 സെന്‍റീമീറ്റര്‍ കനത്തില്‍ രണ്ട് പാളികളായി ടാറിങ് നടത്താനാണ് പദ്ധതിയിട്ടിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇവിടുത്തെ മണ്ണ് ഉറപ്പേറിയതാണെന്ന് ബംഗളൂരു സര്‍വകലാശാലയിലെ വിദഗ്ധര്‍ പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അതുകൊണ്ടാണ് ഇത്രയും ഭാഗത്ത് റോഡിന്‍െറ മേല്‍ഭാഗത്ത് മാത്രം ടാറിങ് നടത്താന്‍ തീരുമാനിച്ചത്. 700 മീറ്ററാണ് ഇങ്ങനെ ടാര്‍ ചെയ്തത്. മണ്ണിന്‍െറ ഘടനയും കാഠിന്യവും അനുസരിച്ച് ഒമ്പത് തരത്തിലാണ് കെ.എസ്.ടി.പി റോഡ് നിര്‍മിക്കാറുള്ളത്. നഗരത്തിലെ 1.75 കിലോമീറ്റര്‍ റോഡ് ഒമ്പതാമത്തെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും ഡെപ്യൂട്ടി റസിഡന്‍റ് എന്‍ജിനീയര്‍ വിശദമാക്കി. പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ടാര്‍ ചെയ്ത 700 മീറ്റര്‍ ഭാഗം കിളച്ചു മാറ്റി ഒന്നാം പട്ടികയുടെ മാതൃകയില്‍ തന്നെ കുഴിയെടുത്ത് നിര്‍മാണം നടത്താന്‍ ചീഫ് എന്‍ജിനീയര്‍ നിര്‍ദേശം നല്‍കിയതായും ജനുവരി ഒന്നുമുതല്‍ പണി തുടരുമെന്നും അദ്ദേഹം വിജിലന്‍സ് സംഘത്തോട് പറഞ്ഞു. പദ്ധതിയുടെ രേഖകള്‍, മണ്ണ് പരിശോധനാ റിപ്പോര്‍ട്ട്, എസ്റ്റിമേറ്റ് എന്നിവ വിശദമായി പരിശോധിക്കുമെന്ന് വിജിലന്‍സ് സംഘം പറഞ്ഞു. എസ്.ഐ എ. രാംദാസ്, സിവില്‍ പൊലീസ് ഓഫിസര്‍ പി.എ. ജോസഫ്, പൊതുമരാമത്ത് അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ എം. സജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.