ബോംബ് രാഷ്ട്രീയത്തില്‍ പൊലിഞ്ഞത് കുടുംബസ്നേഹി

തലശ്ശേരി: എതിരാളികള്‍ക്കുനേരെ പ്രയോഗിക്കാന്‍ ബോംബ് നിര്‍മിക്കുന്നതിനിടെ അണികളെ നഷ്ടപ്പെടാറുണ്ടെങ്കിലും ധര്‍മടത്ത് ഇന്നലെ നടന്ന സ്ഫോടനത്തില്‍ നിരപരാധിയുടെ ജീവനാണ് നഷ്ടപ്പെട്ടത്. കോണ്‍ഗ്രസുകാരനായിരുന്നെങ്കിലും സജീവ പ്രവര്‍ത്തകനായിരുന്നില്ല ധര്‍മടം പുതിയാണ്ടിയിലെ സജീവന്‍. പിതാവും സഹോദരനും മരിച്ചശേഷം മാതാവിനെയും സഹോദരിയെയും പരിചരിച്ച് വീട്ടുകാര്യങ്ങളില്‍ മാത്രം ശ്രദ്ധ ചെലുത്തിയായിരുന്നു അവിവാഹിതനായ സജീവന്‍െറ ജീവിതം. വിറക് ശേഖരിക്കാനും മറ്റും പോയിരുന്നതും സജീവനായിരുന്നു. തിങ്കളാഴ്ചയും പതിവുപോലെ വീട്ടാവശ്യത്തിന് തെങ്ങോലയും മറ്റും ശേഖരിക്കാനിറങ്ങിയപ്പോഴാണ് അക്രമ രാഷ്ട്രീയത്തിന്‍െറ പ്രതീകമായ ബോംബ് സജീവന്‍െറ ജീവനെടുത്തത്. വിവാഹം കഴിക്കാതെ തന്നെ പരിചരിക്കുന്നത് മകനാണെന്ന് ഇടക്കിടെ മാതാവ് പറയുമായിരുന്നെന്ന് പരിസരവാസികള്‍ കണ്ണീരോടെയാണ് വിവരിച്ചത്. വിജനമായ മൊട്ടക്കുന്നില്‍നിന്ന് ചിതറിയ കൈപ്പത്തിയുമായി അല്‍പദൂരം ഓടിയ ശേഷമാണ് സജീവന്‍ മരിച്ചുവീണതെന്ന് രക്തക്കറകള്‍ തെളിയിക്കുന്നു. പരോപകാരി കൂടിയായ സജീവന്‍െറ നിര്യാണത്തില്‍ വിറങ്ങലിച്ച സാമിക്കുന്ന് നിവാസികള്‍ പൊലീസിന്‍െറ അനാസ്ഥയും സ്ഫോടനത്തിന് കാരണമായി ആരോപിക്കുന്നുണ്ട്. നേരത്തെ വിവരം നല്‍കിയിട്ടും സ്ഥലത്ത് റെയ്ഡോ മറ്റോ നടത്താത്തതാണ് സജീവന്‍െറ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. കടലോര പ്രദേശത്തെ തെങ്ങുകളിലും കടല്‍ഭിത്തിയിലും ബി.ജെ.പി അനുകൂല ചുവരെഴുത്തുകള്‍ കാണാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.