കേന്ദ്രം നടപ്പാക്കുന്നത് സംസ്ഥാനം മുമ്പേ കൊണ്ടുവന്ന കാര്‍ഷിക നയം– മന്ത്രി

കണ്ണൂര്‍: സംസ്ഥാനം മുമ്പേ നടപ്പാക്കിയ കാര്‍ഷിക നയമാണ് കേന്ദ്രം ഇപ്പോള്‍ നടപ്പിലാക്കുന്നതെന്ന് കൃഷി മന്ത്രി കെ.പി മോഹനന്‍. പൊലീസ് മൈതാനിയില്‍ നടക്കുന്ന ദക്ഷിണേന്ത്യന്‍ കാര്‍ഷിക മേളയുടെ രണ്ടാം ദിനമായ ഇന്നലെ നടന്ന കലാസന്ധ്യ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജൈവകൃഷിയുള്‍പ്പെടെയുള്ള മിക്ക നയങ്ങളും കേരളത്തിന്‍െറ സംഭാവനയാണ്. കേരളത്തെ മാതൃകയാക്കി ജൈവകൃഷിയൊരുക്കുന്നത് സംബന്ധിച്ച് എല്ലാ കൃഷിമന്ത്രിമാരെയും പങ്കെടുപ്പിച്ച് സെമിനാര്‍ ഒരുക്കുന്നതിന് കേന്ദ്ര കൃഷിമന്ത്രി തീരുമാനിച്ചിട്ടുണ്ട്. ഇത് കേരളത്തിന്‍െറ കാര്‍ഷിക നയത്തിനുള്ള അഭിനന്ദനമാണ്. കൃഷിവകുപ്പിന്‍െറ പേര് കര്‍ഷക-കര്‍ഷകക്ഷേമ വകുപ്പാക്കി മാറ്റുന്നത് സംബന്ധിച്ചുള്ള നടപടികള്‍ കേരളം തുടങ്ങിയിരുന്നു. ഇതാണ് ഇപ്പോള്‍ കേന്ദ്രം നടപ്പിലാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പ്രഫ. കെ.എ. സരള അധ്യക്ഷത വഹിച്ചു. പി.കെ. ശ്രീമതി ടീച്ചര്‍ എം.പി, കണ്ണൂര്‍ നഗരസഭാധ്യക്ഷ റോഷ്നി ഖാലിദ്, വൈസ് ചെയര്‍മാന്‍ അഡ്വ. ടി.ഒ. മോഹനന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ലനിഷ പാപ്പിനിശ്ശേരി അവതരിപ്പിച്ച കഥാപ്രസംഗവും മനോഹരന്‍ വടശ്ശേരിയുടെ പുല്ലാങ്കുഴല്‍ നാദധാരയും ഗോപിനാഥ് മുതുകാടിന്‍െറ മാജിക് ഷോയും നടന്നു. ചിത്രരചനാ ക്യാമ്പ്, കാര്‍ഷിക ഫോട്ടോഗ്രഫി മത്സരം, പുഷ്പാലങ്കാര മത്സരം, വെജിറ്റബ്ള്‍ കാര്‍വിങ് മത്സരം എന്നിവയും രണ്ടാം ദിനം നടന്നു. മൂന്നാം ദിവസമായ ഇന്ന് രാവിലെ 10 മണിക്ക് ‘കാര്‍ഷിക മേഖല: വികസനത്തിന്‍െറ നാള്‍വഴികള്‍’ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. സ്റ്റേറ്റ് ഹോര്‍ട്ടികള്‍ചര്‍ മിഷന്‍ ഡയറക്ടര്‍ ഡോ. കെ. പ്രതാപന്‍ വിഷയമവതരിപ്പിക്കും. മുല്ലക്കര രത്നാകരന്‍ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് ക്വിസ് മത്സരം, സാംസ്കാരിക സമ്മേളനം, പൂരക്കളി, നാടകം എന്നിവ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.