കൃഷ്ണപിള്ള ദിനത്തില്‍ സാന്ത്വന പരിചരണവുമായി ഐ.ആര്‍.പി.സി

കണ്ണൂര്‍: ജനകീയ സാന്ത്വന പരിചരണ പ്രസ്ഥാനമായ ഐ.ആര്‍.പി.സിയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് 19 കൃഷ്ണപിള്ള ദിനത്തില്‍, കിടപ്പിലായ രോഗികളുടെ വീടുകള്‍ സന്ദര്‍ശിച്ച് സാന്ത്വന പരിചരണ പ്രവര്‍ത്തനം നടത്തുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 18 മേഖലകളിലായിനടത്തിയ പരിശീലനത്തില്‍ പങ്കെടുത്ത 2500 വളനറിയര്‍മാര്‍ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകും. 19ന് വൈകീട്ട് മൂന്നിന് ലോക്കല്‍ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ 75 വയസ്സിന് മുകളിലുള്ളവര്‍ക്കായി വയോജന സംഗമവും സംഘടിപ്പിക്കും. വിവിധ ചികിത്സാ ശാഖകളിലുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ചികിത്സാ സഹായം നല്‍കും. ഐ.ആര്‍.പി.സി വളന്‍റിയര്‍മാര്‍ ജില്ലയില്‍ മേഖലാടിസ്ഥാനത്തില്‍ നടത്തിയ സര്‍വേയില്‍ 7509 രോഗികള്‍ പൂര്‍ണമായും കിടപ്പിലാണെന്ന് കണ്ടത്തെി. ഇതില്‍ 836 പേരുള്ള കൂത്തുപറമ്പ് മേഖലയിലാണ് ഏറ്റവും കൂടുതല്‍ കിടപ്പിലായവര്‍. 215 പേരുള്ള ശ്രീകണ്ഠപുരത്താണ് ഏറ്റവും കുറവ്. കൂടാതെ ജില്ലയിലെ 65231 വീടുകളിലായി 74684 അംഗപരിമിതരുണ്ടെന്നും സര്‍വേയില്‍ കണ്ടത്തെിയിട്ടുണ്ട്. അംഗപരിമിതരുടെ വീടുകളും ഐ.ആര്‍.പി.സി വളന്‍റിയര്‍മാര്‍ സന്ദര്‍ശിക്കും. കാന്‍സര്‍ രോഗികള്‍ക്കുള്ള തുടര്‍ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തുന്നതിന്‍െറ ഭാഗമായി ഇരിട്ടി, പാനൂര്‍ മേഖലയില്‍ കാന്‍സര്‍ ഫോളോഅപ് ക്യാമ്പുകള്‍ നടത്തി. 16 മേഖലകളിലും ഫോളോഅപ് ക്ളിനിക് നടത്തും. വാര്‍ത്താസമ്മേളനത്തില്‍ ജെയിംസ് മാത്യു എം.എല്‍.എ, എം. പ്രകാശന്‍, പി.എം. സാജിദ്, കെ.വി. മുഹമ്മദ് അശ്റഫ് എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.