അടിമാലി: വാണിജ്യകേന്ദ്രമായ അടിമാലിയിൽ ടൗൺ അനുബന്ധ റോഡുകളെല്ലാം തകർന്ന് ഗതാഗതം ദുഷ്കരമായി. ലൈബ്രറി -എട്ടുമുറ ി- കൂമ്പൻപാറ, മന്നാങ്കാല- അടിമാലി, കുര്യൻസ്പടി- അപ്സര, തലമാലി- അടിമാലി, കൂമ്പൻപാറ- പക്കായിപ്പടി, വിവേകാന്ദ- കരിങ്കുളം, ഇരുന്നൂറേക്കർ -മെഴുകുംചാൽ തുടങ്ങി അടിമാലി പട്ടണവുമായി ബന്ധപ്പെട്ട് കിടക്കുന്ന റോഡുകളെല്ലാം തകർന്നുകിടക്കുകയാണ്. ഏറ്റവും മോശമായത് ലൈബ്രറി-എട്ടുമുറി-കൂമ്പൻപാറ റോഡാണ്. ടെക്നിക്കൾ ഹൈസ്കൂളിലെ വിദ്യാർഥികളടക്കം ഉപയോഗിക്കുന്ന റോഡിൽ പലയിടങ്ങളിലും വൻ കുഴി രൂപപ്പെട്ട് കാൽനടപോലും ദുസ്സഹമാണ്. അടിമാലി ക്ലബ് മുതലാണ് റോഡിൻെറ ശോച്യാവസ്ഥ കൂടുതലായി അനുഭവപ്പെടുന്നത്. 2018 ആഗസ്റ്റ് എട്ടിന് ഉണ്ടായ ഉരുൾപൊട്ടലിലും തുടർന്നുണ്ടായ കാലവർഷക്കെടുതികളിലുമാണ് റോഡ് തകർന്നത്. പ്രകൃതിക്ഷോഭത്തിൽ ഉൾപ്പെടുത്തി റോഡ് നിർമിക്കുമെന്ന് പലകുറി അധികൃതർ അറിയിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല. ജനവാസ കേന്ദ്രത്തിലൂടെ കടന്നുപോകുന്ന റോഡിൽ വൈദ്യുതി വകുപ്പ് ഒാഫിസ് അടക്കം നിരവധി സ്ഥാപനങ്ങളും സ്കൂളുകളുമുണ്ട്. ദേശീയപാതക്ക് സമാന്തരമായ കൂമ്പൻപാറ-സ്കൂൾപടി -പക്കായിപ്പടി റോഡും വള്ളപ്പടി റോഡും തകർന്നുകിടക്കുകയാണ്. 2018ൽ മലവെള്ളപ്പാച്ചിലിൽ പാലം തകർന്നാണ് അപ്സരപ്പടി -കുര്യൻസ് പടി റോഡ് തകർന്നത്. അപകടാവസ്ഥ മുന്നിൽ കണ്ട് അധികൃതർ റോഡ് അടച്ചുപൂട്ടി. ഇതോടെ ആശുപത്രികളിൽ പോകുന്നവരടക്കം ദുരിതത്തിലാണ്. ഇവിടെ പാലംപണിത് റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഏറെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മന്നാങ്കാല- അടിമാലി റോഡും ഇതിനോടനുബന്ധിച്ച നാല് റോഡുകളും തകർന്നുകിടക്കുന്നു. പൊതുമരാമത്തിൻെറയും പഞ്ചായത്തിൻെറയും അനാസ്ഥയാണ് ഇതിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. അടിമാലി- തലമാലി റോഡിൻെറ അവസ്ഥയും ദയനീയമാണ്. ടൗണിൽനിന്ന് അപ്സര വഴിയുള്ളതും കുത്തനെ കയറ്റവും ഹെയർപിൻ വളവുകളും നിറഞ്ഞതുമായ പാതയിൽ റോഡിൻെറ വീതികുറവും ഉള്ളവയിൽ റോഡിൻെറ മോശാവസ്ഥയും മൂലം വാഹനഗതാഗതം വളരെ ദുഷ്കരമാണ്. കഴിഞ്ഞ രണ്ടുവർഷത്തിനിടെ ഉണ്ടായ വാഹനാപകടങ്ങളിൽ രണ്ടുപേർ മരിക്കുകയും നിരവധിപേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. മാങ്കുളം, തലമാലി നിവാസികൾ അടക്കം ആളുകൾ ഈ പാതയെ ആശ്രയിക്കുന്നു. മച്ചിപ്ലാവ് അസീസി ചർച്ച് ജങ്ഷനുമായി ബന്ധിപ്പിക്കുന്ന തലമാലിയിലെ മറ്റൊരു റോഡും തകർന്ന നിലയിലാണ്. തലമാലി സർക്കാർ ഹൈസ്കൂളിന് സമീപം റോഡ് തകർന്ന് വെള്ളക്കെട് രൂപപ്പെട്ടിരിക്കുന്നു. ചെറിയൊരു മഴ പെയ്താൽ തന്നെ റോഡ് വെള്ളത്തിൽ മുങ്ങി ചെറുവാഹനങ്ങൽ ഓടാൻപറ്റാത്ത സാഹചര്യമാണ്. ഉരുൾപൊട്ടലിൽ തകർന്ന അരീക്കാട് റോഡിൽ പാലം നിർമാണവും ഒച്ചിഴയും വേഗത്തിലാണ്. ഇതോടെ അരീക്കാട് നിവാസികളും ദുരിതത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.