ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ കമുക് പിഴുതെടുക്കല്‍ ചടങ്ങ്

ചെങ്ങന്നൂര്‍: പ്രശസ്തമായ ഓതറ പുതുക്കുളങ്ങര പടയണിക്ക് കമുക് പിഴുതെടുക്കുന്ന ആദ്യ ചടങ്ങ് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ നടന്നു. അടവി തുള്ളി ക്ഷേത്രസന്നിധിയില്‍നിന്ന് പുറപ്പെട്ട പടയണി തുള്ളല്‍ക്കാരന്‍ ഏത് കമുകില്‍ ആണോ തൊടുന്നത് ആ കമുക് നിലം തൊടാതെ കരക്കാരും കലാകാരന്മാരും ചേര്‍ന്ന് ഒന്നായി ക്ഷേത്രസന്നിധിയിലെ ആല്‍മരത്തില്‍ ചാരും. ഓതറ ദേവീവിലാസം എന്‍.എസ്.എസ് സ്കൂളിന് സമീപത്തുനിന്നാണ് കമുക് പിഴുതത്. ചൂട്ടുകറ്റയുടെ അകമ്പടിയോടെ കമുക് എഴുന്നള്ളിക്കല്‍ ചടങ്ങില്‍ നൂറുകണക്കിന് ഭക്തജനങ്ങളാണ് പങ്കെടുത്തത്. ഇനിയുള്ള 18 ദിനരാത്രങ്ങള്‍ ചൂട്ടുപടയണിയും അവസാനത്തെ 10നാള്‍ വലിയ പടയണിയുംകൊണ്ട് ഗ്രാമത്തെ ഭക്തിയില്‍ ആറാടിക്കുന്നതിന് കരക്കാര്‍ ഒരേ മനസ്സോടെ തയാറായിരിക്കുകയാണ്. പുതുതായി പരിശീലനം നേടിയ പടയണി കലാകാരന്മാര്‍ തപ്പ് കാച്ചി താളപ്പെരുക്കത്തില്‍ പടയണിക്ക് അസാനവട്ട ഒരുക്കം ആരംഭിച്ചു. 1001 കമുകിന്‍ പാളകള്‍കൊണ്ട് ഒരുക്കുന്ന വലിയ ഭൈരവിക്കോലത്തിന്‍െറ എഴുന്നള്ളത്തുകൊണ്ട് പ്രശസ്തിയാര്‍ജിച്ച ഓതറ പടയണി നടക്കുന്നത് രണ്ടുവര്‍ഷത്തെ ഇടവേളക്കുശേഷമാണെന്ന പ്രത്യേകതകൂടി ഇത്തവണയുണ്ട്. ക്ഷേത്രത്തിന്‍െറ ശ്രീകോവില്‍, നാലമ്പലം എന്നിവയുടെ പുനരുദ്ധാരണം നടന്നതിനാലാണ് പടയണിക്ക് തടസ്സം നേരിട്ടത്. തുടര്‍ച്ചയായുള്ള 28 നാളുകള്‍കൊണ്ട് പൂര്‍ത്തിയാകുന്ന ഈ മഹോത്സവത്തിന്‍െറ തുടക്കത്തിലെ 18 ദിനങ്ങള്‍ നടക്കുന്നത് ചൂട്ടുപടയണി മാത്രമാണ്. അവസാന പത്തുദിവസം വലിയ പടയണിയോടനുബന്ധിച്ച് അനവധി വഴിപാടുകോലങ്ങളും അണിനിരക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.