പൊട്ടിയ പൈപ്പ് നന്നാക്കാതെ ഒരു മാസം: വെള്ളംകുടി മുട്ടിയ നാട്ടുകാര്‍ കലക്ടര്‍ക്ക് പരാതി നല്‍കി

പൂച്ചാക്കല്‍: പൈപ്പ് പൊട്ടി മാസങ്ങളായി ജപ്പാന്‍ കുടിവെള്ളം നഷ്ടപ്പെട്ടിട്ടും നന്നാക്കാത്തതിനെതിരെ നാട്ടുകാര്‍ കലക്ടര്‍ക്ക് പരാതി നല്‍കി. പാണാവള്ളി പഞ്ചായത്ത് പത്താം വാര്‍ഡിലെ ചെള്ളിക്കാട് പുരയിടത്തിലാണ് മാസങ്ങളായി കുടിവെള്ളം നഷ്ടപ്പെടുന്നത്. സമീപത്തെ കുളം നിറഞ്ഞ് പറമ്പില്‍കൂടി തോട്ടിലേക്ക് കുടിവെള്ളം ഒഴുകുകയാണ്. പഞ്ചായത്ത് ജലവിഭവ അധികൃതരെ നിരവധി തവണ ബന്ധപ്പെട്ടിട്ടും അറ്റകുറ്റപ്പണിക്ക് നടപടിയില്ല. ഇതുസംബന്ധിച്ച് ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുടിവെള്ളത്തിന് ജനം നെട്ടോട്ടമോടുമ്പോഴാണ് അധികൃതരുടെ നിസ്സംഗത തുടരുന്നത്. ജല അതോറിറ്റി വര്‍ഷങ്ങള്‍ക്കുമുമ്പ് സ്ഥാപിച്ച പൈപ്പാണ് പൊട്ടിക്കിടക്കുന്നത്. പാണാവള്ളി ആന്നലത്തോടിന് തെക്കുവശം റോഡിനടിയില്‍ സ്ഥാപിച്ച പൈപ്പ് പൊട്ടി കുടിവെള്ളം സമീപത്തെ പാടത്തേക്ക് ഒഴുകുകയാണ്. ഇതുമൂലം റോഡില്‍ വലിയ കുഴി രൂപപ്പെട്ട് അപകടങ്ങളുണ്ടാവുകയും ചെയ്യുന്നു. ഇരുചക്ര വാഹനങ്ങളാണ് രാത്രി കൂടുതലും കുഴിയില്‍ വീണ് അപകടത്തില്‍പെടുന്നത്. ജപ്പാന്‍ കുടിവെള്ളപൈപ്പ് പൊട്ടുന്നത് വ്യാപകമാകുന്നതിനിടെയാണ് പ്രധാന റോഡിനടിയിലെ പൈപ്പും പൊട്ടിയത്. ചേര്‍ത്തല-അരൂക്കുറ്റി റോഡിന്‍െറ വശങ്ങളില്‍ സ്ഥാപിച്ച പൈപ്പുകളുടെ അവസ്ഥയും ഇതുതന്നെയാണ്. ഗുണനിലവാരമില്ലാത്തതാണ് സ്ഥിരമായി പൈപ്പ് പൊട്ടുന്നതിന് കാരണമെന്നാണ് ആരോപണം. രണ്ടാഴ്ച മുമ്പ് നീലംകുളങ്ങര, തൃച്ചാറ്റുകുളം വടക്ക് എന്നിവിടങ്ങളില്‍ ജപ്പാന്‍ കുടിവെള്ള പൈപ്പ് പൊട്ടിയിരുന്നു. തൃച്ചാറ്റുകുളം പള്ളിപ്പുറം എം.എല്‍.എ റോഡിലും പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നതും പതിവായിരിക്കുകയാണ്. ചെറുതും വലുതുമായ നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡുകള്‍ പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നതോടെ തകര്‍ച്ച നേരിടുകയാണ്. റോഡിന്‍െറ വിവിധ സ്ഥലങ്ങളില്‍ ഇത്തരത്തില്‍ കുഴികളായ ഭാഗങ്ങളില്‍ നാട്ടുകാര്‍ വാഴയും നെല്‍കതിരും നട്ട് പ്രതിഷേധിച്ചിരുന്നു. വാഹനങ്ങള്‍ അപകടത്തില്‍പെടാതിരിക്കാന്‍ കുഴിയില്‍ കമ്പുകള്‍ കുത്തിയും കൊടികള്‍ നാട്ടിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജപ്പാന്‍ കുടിവെള്ള പൈപ്പ് സംബന്ധമായ പരാതി പരിഹരിക്കാന്‍ പൂച്ചാക്കല്‍ മേഖലയില്‍ സംവിധാനമില്ല. മാക്കേകവലയില്‍ ജപ്പാന്‍ കുടിവെള്ള പ്ളാന്‍റ് ഉണ്ടെങ്കിലും ജല അതോറിറ്റിയുടെ ഓഫിസ് സ്ഥിതിചെയ്യുന്നത് ചേര്‍ത്തലയിലായതിനാല്‍ പൈപ്പ് പൊട്ടിയാല്‍ നന്നാക്കാന്‍ കാലതാമസം നേരിടുന്നു. മാക്കേകവലയില്‍ കുടിവെള്ള പ്ളാന്‍റിനോടുചേര്‍ന്ന് ഏക്കറുകണക്കിന് സ്ഥലമുണ്ട്. എന്നാല്‍, പൈപ്പ് പൊട്ടുന്നത് നന്നാക്കാന്‍ സംവിധാനമില്ല. അധികൃതരെ വിവരം അറിയിച്ചാല്‍ ദിവസങ്ങള്‍ കഴിഞ്ഞാലും നടപടി സ്വീകരിക്കാത്ത സ്ഥിതിയാണ്. റോഡിന്‍െറ വശങ്ങളില്‍ സ്ഥാപിച്ച പ്രധാന പൈപ്പുകള്‍ പൊട്ടുന്നത് വെള്ളം പമ്പ്ചെയ്യുമ്പോള്‍ പൈപ്പിലുണ്ടാകുന്ന സമ്മര്‍ദം മൂലമാണെന്നാണ് അധികൃതരുടെ വാദം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.