ദ്രവിച്ച തൂണുകളിൽ തൃക്കാക്കര ഷോപ്പിങ് കോംപ്ലക്‌സ്

കാക്കനാട്: മേല്‍ക്കൂര അടര്‍ന്നുവീണ്​ കമ്പികള്‍ ദ്രവിച്ച തൂണുകളില്‍ നില്‍ക്കുന്ന തൃക്കാക്കര നഗരസഭ ഷോപ്പിങ് കോംപ്ലക്‌സ് അപകടത്തിൽപെടാത്തത് അദ്​ഭുമാണെന്ന് വ്യാപാരികള്‍. ഒരു ഹോട്ടല്‍ ഉള്‍പ്പെടെ 18കടകളിലെ വ്യാപാരികളും ജീവനക്കാരും മാത്രമല്ല, വിവിധ ആവശ്യങ്ങള്‍ക്ക്​ എത്തുന്നവരുടെകൂടി ജീവന്‍ അപകടത്തിലാകുന്ന സാഹചര്യമുണ്ടായിട്ടും നഗരസഭ അധികൃതര്‍ക്ക് അനക്കമില്ല. ജീവന്‍ പണയംവെച്ചാണ് വ്യാപാരികളും ജീവനക്കാരും കഴിയുന്നത്. നഗരസഭ ഓഫിസ് സമുച്ചയത്തിന് സമീപമാണ് 18 കടമുറികളോട് കൂടിയ ഷോപ്പിങ് കോപ്ലക്‌സ്. ഒറ്റ നില കെട്ടിടത്തി​​െൻറ മേല്‍ക്കൂരയും തൂണുകളും ദ്രവിച്ച് അപകടാവസ്ഥയിലാണ്. തൂണുകള്‍ പൊട്ടിപ്പൊളിഞ്ഞ്​ ദ്രവിച്ച്​ കമ്പികള്‍ പുറത്ത് കാണാം. മേല്‍ക്കൂരയിലും കമ്പികള്‍ ദ്രവിച്ച്​ സിമൻറ്​ ഇളകിവീഴുകയാണ്. മേല്‍ക്കൂരയില്‍നിന്ന് സിമൻറ്​ കട്ടകള്‍ ദ്രവിച്ച് വീഴുന്നതും നിത്യസംഭവമാണ്. തൂണുകളുടെ അടി മുതല്‍ മുകള്‍ വരെ ദ്രവിച്ചിരിക്കുകയാണ്. തൂണുകള്‍ ബന്ധിപ്പിക്കുന്ന ബീമുകളും ദ്രവിച്ച് വിട്ടിരിക്കുകയാണ്. മഴക്കാലമായതോടെ കെട്ടിടം അപകടത്തിൽപെടുമോയെന്ന ഭീതിയിലാണ് വ്യാപാരികള്‍. അപകടാവസ്ഥയിലായതോടെ നാല് വര്‍ഷം മുമ്പ് മേല്‍ക്കൂര ഷീറ്റ് മേഞ്ഞെങ്കിലും അപകടാവസ്ഥക്ക് പരിഹാരമായില്ല. മൂന്നുപതിറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടം നിര്‍മിച്ചശേഷം മുകളിലേക്ക് നീട്ടിവെച്ച കമ്പികളില്‍കൂടി മഴവെള്ളം ഇറങ്ങിയതോടെയാണ് കമ്പികള്‍ കാലക്രമേണ ദ്രവിച്ചത്. ഇതിനിടെ, കെട്ടിടം ബലപ്പെടുത്തണമെന്ന് വ്യാപാരികളില്‍നിന്ന് മുറവിളി ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ഷീറ്റ് കൊണ്ട് നഗരസഭ മേല്‍ക്കൂര നിര്‍മിച്ചത്. എന്നാല്‍, കെട്ടിടം അപകടാവസ്ഥയിലായിക്കഴിഞ്ഞിരുന്നു. ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച മേല്‍ക്കൂരയില്‍ നഗരസഭയുടെ ഇലക്ട്രിക്കല്‍ ജോലികള്‍ കരാറെടുത്തയാളുടെ ഗോഡൗണാക്കിയിരിക്കുകയാണ്. ഭാരമേറിയ ഇലക്ട്രിക് ഉപകരണങ്ങളും ഇ ^മാലിന്യവും മഴവെള്ളവുംകൂടി നിറഞ്ഞതോടെ കെട്ടിടം ഗുരുതര അപകടാവസ്ഥയിലായി. രണ്ട് ശൗചാലയങ്ങളുണ്ടെങ്കിലും വെള്ളമില്ല. നഗരസഭ ഓഫിസ് കെട്ടിടത്തില്‍നിന്ന്​ ഷോപ്പിങ് കോംപ്ലക്‌സിലേക്കുള്ള പൈപ്പ്‌ലൈന്‍ വിച്ഛേദിച്ചിരിക്കുകയാണ്. കടുത്ത വേനലില്‍ നഗരസഭ ഓഫിസില്‍ കുടിവെള്ളം മുട്ടിയതോടെയാണ് ഷോപ്പിങ് കോംപ്ലക്‌സിലേക്കുള്ള പൈപ്പ് ലൈന്‍ നഗരസഭ അധികൃതര്‍ വിച്ഛേദിച്ചത്​. ജലഅതോറിറ്റിയുടെ കുടിവെള്ള പൈപ്പ് ലൈന്‍ റദ്ദാക്കിയാണ് നഗരസഭ കുഴല്‍ക്കിണര്‍ സ്ഥാപിച്ച് വെള്ളത്തിന് സൗകര്യമുണ്ടാക്കിയത്. ഫലത്തില്‍ ജല അതോറിറ്റിയുടെയോ നഗരസഭയുടെയോ വെള്ളം ഇല്ലാത്ത അവസ്ഥയിലാണെന്ന് വ്യാപാരികള്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.