അര്‍ത്തുങ്കല്‍ തിരുനാളിന് പരിസമാപ്തി

ചേര്‍ത്തല: ഭക്തിനിര്‍ഭര ചടങ്ങുകളോടെ അര്‍ത്തുങ്കല്‍ സെന്‍റ് ആന്‍ഡ്രൂസ് ബസിലിക്കയിലെ തിരുനാള്‍ സമാപിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ആയിരങ്ങള്‍ പങ്കെടുത്ത പ്രദക്ഷിണത്തോടെയാണ് സമാപന ചടങ്ങ് ആരംഭിച്ചത്. കടപ്പുറത്തെ കുരിശടിയില്‍നിന്ന് ബസിലിക്കയിലേക്ക് ഉരുളുനേര്‍ച്ചയും നിരങ്ങ് നേര്‍ച്ചയും നടത്തി. രാത്രി 10.30ന് കൃതജ്ഞത സമൂഹബലിയില്‍ ബസിലിക്ക റെക്ടര്‍ ഫാ. ക്രിസ്റ്റഫര്‍ എം. അര്‍ഥശേരി മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ജോസഫ് വലിയവീട്ടില്‍ സുവിശേഷ പ്രസംഗം നിര്‍വഹിച്ചു. രാത്രി 12ഓടെ തിരുസ്വരൂപ നട അടക്കല്‍ ശുശ്രൂഷ ആരംഭിച്ചു. കൃതജ്ഞത സ്തോത്രഗീതാലാപനത്തിനുശേഷം വി. സെബസ്ത്യാനോസിന്‍െറ രക്തസാക്ഷിത്വത്തിന് നന്ദി പ്രകാശിപ്പിച്ച് ലത്തീന്‍ ഭാഷയില്‍ പരിശുദ്ധാത്മാവിനോടുള്ള പ്രത്യേക പ്രാര്‍ഥനയര്‍പ്പിച്ചതോടെ ദേവാലയ മണികള്‍ മുഴങ്ങുകയും ദേവാലയത്തിന്‍െറ പ്രധാന കവാടങ്ങള്‍ അടക്കുകയും ചെയ്തു. പതാക താഴ്ത്തിയതോടെ 18 ദിവസം നീണ്ട തിരുനാളിന് സമാപനമായി. ഇനി അടുത്തവര്‍ഷം ജനുവരി 18ന് മാത്രമേ തിരുസ്വരൂപം പുറത്തെടുക്കൂ. അമ്പുകളും കിരീടവും മാറ്റിയശേഷം തിരുസ്വരൂപം പ്രത്യേക പട്ടുതുണിയില്‍ പൊതിഞ്ഞ് പഴയ പള്ളിയോട് ചേര്‍ന്നുള്ള പ്രത്യേക നിക്ഷേപ അറയില്‍ സൂക്ഷിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.