തദ്ദേശ സ്ഥാപനങ്ങളില്‍ പദ്ധതി വിഹിത ചെലവ് 15 ശതമാനത്തില്‍ കുറവ്

പറവൂര്‍: സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ രണ്ടുമാസം മാത്രം ശേഷിക്കെ പറവൂര്‍ മേഖലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ പദ്ധതി വിഹിത ചെലവില്‍ വന്‍ കുറവ്. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ 25 മുതല്‍ 40 ശതമാനം വരെ ചെലവ് ചെയ്തപ്പോള്‍ ഇത്തവണ 15 ശതമാനംപോലുമായിട്ടില്ല. പല തദ്ദേശ സ്ഥാപനങ്ങളും ടെന്‍ഡറുകള്‍ ഇപ്പോഴും പൂര്‍ത്തിയാക്കിയിട്ടില്ല. ഫെബ്രുവരിയിലും പല പഞ്ചായത്തുകളും ടെന്‍ഡറുകള്‍ക്കായി സാങ്കേതിക അനുമതിക്ക് ജില്ല പ്ളാനിങ് വിഭാഗത്തിന് അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്. ഇവരുടെ അനുമതി ലഭിക്കുന്ന മുറക്കാണ് വികസന പദ്ധതികളുടെ ടെന്‍ഡറുകള്‍ ക്ഷണിക്കാന്‍ സാധിക്കൂ. റോഡ്, വിവിധ കെട്ടിടങ്ങള്‍, മറ്റ് പശ്ചാത്തലസൗകര്യങ്ങള്‍ തുടങ്ങിയവ നടപ്പാക്കാനും നിര്‍മാണങ്ങള്‍ നടത്താനും ടെന്‍ഡറുകള്‍ ക്ഷണിച്ചെങ്കിലും പറവൂര്‍-വൈപ്പിന്‍ മേഖലയിലെ കരാറുകാര്‍ നടത്തിയ നിസ്സഹകരണ സമരമാണ് പദ്ധതി ചെലവ് ഇഴയാന്‍ പ്രധാന കാരണം. കൂടാതെ, സാങ്കേതികാനുമതി ലഭിക്കുന്നതിലും ഇത്തവണ ഏറെ വൈകിയിരുന്നു. ഈ സാമ്പത്തികവര്‍ഷം മുതല്‍ നെറ്റ് മുഖേനയാണ് സാങ്കേതിക അനുമതിക്ക് അപേക്ഷ സമര്‍പ്പിച്ചത്. ഇതും കാലതാമസത്തിന് കാരണമായെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കരാറുകാര്‍ക്ക് ആവശ്യമായ ടാര്‍ വാങ്ങി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ഒരുമാസമായി നിസ്സഹകരണ സമരം ആരംഭിച്ചത്. പറവൂര്‍-വൈപ്പിന്‍ മേഖലയില്‍ നഗരസഭ ഉള്‍പ്പെടെ ഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങളിലും നടന്ന ടെന്‍ഡറുകളില്‍നിന്ന് കരാറുകാര്‍ വിട്ടുനിന്നു. തദ്ദേശ സ്ഥാപന മേധാവികളും അധ്യക്ഷന്മാരും കരാറുകാരുമായി ചര്‍ച്ച നടത്തിയെങ്കിലും സമരം നീണ്ടു. കഴിഞ്ഞ ആഴ്ച വി.ഡി. സതീശന്‍ എം.എല്‍.എ മുന്‍കൈയെടുത്ത് കരാറുകാരുടെ സംഘടനയുമായി നടത്തിയ ചര്‍ച്ചയിലാണ് സമരത്തില്‍നിന്ന് ഇവര്‍ പിന്മാറിയത്. ഇതിനുശേഷം റീ-ടെന്‍ഡറിങ് നടപടി പൂര്‍ത്തിയാകുന്നതേയുള്ളൂ. ചില പഞ്ചായത്തുകള്‍ ടാര്‍ വാങ്ങി നല്‍കാന്‍ തയാറായതിനാല്‍ ഈ പഞ്ചായത്തുകളുടെ പദ്ധതി വിഹിതം ഒരുമാസത്തിനുള്ളില്‍തന്നെ 50 ശതമാനത്തിന് മുകളില്‍ എത്തുമെന്നാണ് കരുതുന്നത്. മറ്റുതദ്ദേശ സ്ഥാപനങ്ങളിലേത് ഫെബ്രുവരി 28ന് ശേഷമേ വ്യക്തത കൈവരൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.