താറാവുകളെ കൊന്നൊടുക്കിയതിലെ ക്രമക്കേട്: അന്വേഷണം പൂര്‍ത്തിയായി

ആലപ്പുഴ: പക്ഷിപ്പനി പ്രതിരോധത്തിന്‍െറപേരില്‍ കൂടുതല്‍ താറാവുകളെ കൊന്നൊടുക്കി നഷ്ടപരിഹാരം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തെക്കുറിച്ച് മൃഗസംരക്ഷണ വകുപ്പ് അന്വേഷണം പൂര്‍ത്തിയാക്കി. വകുപ്പ് ഡയറക്ടര്‍ ഡോ. എന്‍.എന്‍. ശശി, ഡെയറി ഡെവലപ്മെന്‍റ് ബോര്‍ഡ് ഡയറക്ടര്‍ ജോര്‍ജുകുട്ടി, കന്നുകാലി വികസന ബോര്‍ഡ് മാനേജിങ് ഡയറക്ടര്‍ ജോസ് തോമസ് എന്നിവരടങ്ങുന്ന സംഘമാണ് സംഭവം അന്വേഷിക്കുന്നത്. ചെന്നിത്തലയിലെ ഒരു താറാവുകര്‍ഷകന്‍െറ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചത്. പക്ഷിപ്പനി പടര്‍ന്നുപിടിച്ചതിനത്തെുടര്‍ന്ന് ആലപ്പുഴയില്‍ മാത്രം ഏഴര ലക്ഷത്തോളം താറാവുകളെ കൊന്നൊടുക്കിയതായാണ് കണക്ക്. എന്നാല്‍, ഈ കണക്ക് പെരുപ്പിച്ചുകാട്ടിയതാണെന്നാണ് പരാതി. നഷ്ടപരിഹാരം തട്ടിയെടുക്കാന്‍ രോഗം ബാധിക്കാത്ത താറാവുകളെയും കൊന്നൊടുക്കിയെന്നും രോഗം ബാധിക്കാത്ത പ്രദേശങ്ങളില്‍നിന്ന് താറാവിനെ കടത്തിക്കൊണ്ടുവന്ന് കൊന്നൊടുക്കിയെന്നുമൊക്കെ ആക്ഷേപമുണ്ട്. ക്രമക്കേടുകള്‍ക്ക് ചില ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നതായും സംശയിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വിശദ അന്വേഷണത്തിന് സര്‍ക്കാര്‍ നിര്‍ദേശിച്ചത്. ചൊവ്വാഴ്ച രാവിലെ 10 മണിയോടെ എത്തിയ സംഘം ജില്ല മൃഗസംരക്ഷണ വകുപ്പ് ആസ്ഥാനത്ത് യോഗം ചേര്‍ന്നു. ഓഫിസ് രേഖകള്‍ പരിശോധിച്ച സംഘം കൂടുതല്‍ താറാവുകളെ കൊന്ന സ്ഥലങ്ങളും പരിശോധിച്ചു. കുട്ടനാട്ട്, അപ്പര്‍ കുട്ടനാട് മേഖലകള്‍ സന്ദര്‍ശിച്ച് കര്‍ഷകരുമായി ആശയവിനിമയം നടത്തി. പരാതിക്കാരനെ നേരില്‍ കണ്ട് വിവരം ശേഖരിച്ചു. പതിനെട്ടോളം വെറ്ററിനറി ഡോക്ടര്‍മാരുടെയും മൊഴി രേഖപ്പെടുത്തി. റിപ്പോര്‍ട്ട് രണ്ടുദിവസത്തിനകം സര്‍ക്കാറിന് കൈമാറുമെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഡോ.എന്‍.എന്‍. ശശി പറഞ്ഞു. താറാവുകള്‍ ചത്ത കര്‍ഷകര്‍ക്ക് ഇതുവരെ നഷ്ടപരിഹാരം നല്‍കിയിട്ടില്ല. ബാങ്ക് അക്കൗണ്ടിലൂടെ മാത്രം തുക കൈമാറാനുള്ള തീരുമാനമാണ് നഷ്ടപരിഹാര വിതരണത്തിന് ആദ്യം തടസ്സമായത്. താറാവുകളെ കൊന്നൊടുക്കിയതിനെപ്പറ്റി പരാതിവന്ന സാഹചര്യത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് വന്ന ശേഷമെ ഇനി തുടര്‍ നടപടി ഉണ്ടാകൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.