വരള്‍ച്ച രൂക്ഷം; അച്ചന്‍കോവിലാര്‍ മരണശയ്യയില്‍

ചാരുംമൂട:് ഒരുകാലത്ത് തീരഗ്രാമങ്ങളെ പച്ചപ്പിലാഴ്ത്തിയിരുന്ന അച്ചന്‍കോവിലാര്‍ നീര്‍ച്ചാല്‍ മാത്രമായി. ജില്ലയുടെ തെക്ക് കിഴക്കന്‍ പ്രദേശങ്ങളെ കടുത്ത കുടിവെള്ള ക്ഷാമത്തില്‍നിന്നും കരകയറ്റിയിരുന്ന അച്ചന്‍കോവിലാറിന്‍െറ ഈ അവസ്ഥ കടുത്ത വരള്‍ച്ചയുടെ സൂചനയാണ്. അനധികൃത മണല്‍ഖനനവും കൈയേറ്റവുമാണ് കാര്‍ഷിക മേഖലയിലേക്ക് ജലം എത്തിക്കുന്നതിനും ജലഗതാഗതത്തിനും രൂക്ഷമായ കുടിവെള്ള ക്ഷാമത്തിനും പരിഹാരമായിരുന്ന ഈ നദിയുടെ തകര്‍ച്ചക്ക് പ്രധാന കാരണം.1980ന് ശേഷമാണ് അച്ചന്‍കോവിലാര്‍ മരണത്തിലേക്ക് എത്താനുള്ള തീരുമാനവുമായി അധികൃതര്‍ എത്തിയത്. ആറിന്‍െറ വിവിധ ഭാഗങ്ങളില്‍ മണല്‍ വാരാന്‍ അനുമതി നല്‍കിയതോടെ തകര്‍ച്ചക്ക് തുടക്കംകുറിച്ചു. നൂറനാട്, തഴക്കര, ചെറിയനാട് പഞ്ചായത്തുകളുടെ അധീനതയിലുള്ള കടവുകള്‍ കേന്ദ്രീകരിച്ചാണ് മണല്‍ വാരുന്നതിന് അനുമതി നല്‍കിയത്. മണല്‍ ലോബി ഈ അവസരം മുതലെടുത്ത് വന്‍തോതില്‍ ഖനനം നടത്തുകയായിരുന്നു. പഞ്ചായത്തുകളില്‍നിന്നും ലേലം ചെയ്തു കൊടുത്തിരുന്ന മണല്‍ വാരാനുള്ള അനുമതിയില്‍ നിബന്ധനകള്‍ ഉണ്ടെങ്കിലും ഒന്നും പാലിക്കപ്പെടാറില്ല. പാലത്തിനും ജലസംഭരണിക്കും 500 മീറ്ററും ആറ്റുതീരത്തുനിന്നും പത്തടി മാറിയും നിശ്ചിത ആഴത്തില്‍ മാത്രമേ മണല്‍ വാരാന്‍ പാടുള്ളൂവെന്നാണ് നിബന്ധന. എന്നാല്‍, ഇവ കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാനോ വേണ്ട നടപടികള്‍ സ്വീകരിക്കാനോ അധികൃതര്‍ തയാറാകാറില്ല. നദി ഇതോടെ വന്‍ ഗര്‍ത്തങ്ങളായി രൂപപ്പെടുകയും ചെയ്തു. മഴക്കാലത്ത് ഒഴുകിയത്തെിയിരുന്ന മണല്‍ വാരിയെടുത്തിരുന്ന രീതിയില്‍ നിന്ന് കുഴിച്ചെടുക്കുന്ന നിലയിലേക്ക് എത്തിയതോടെ നദി പൂര്‍ണമായും തകര്‍ച്ചയിലേക്ക് എത്തി. മണല്‍ വാരല്‍ മൂലം വേനല്‍ക്കാലമാകുമ്പോള്‍ ആറിന്‍െറ മിക്ക ഭാഗങ്ങളും വെറും നീര്‍ച്ചാലുകളായി മാറും. കാലങ്ങള്‍ക്ക് മുമ്പ് മണല്‍ നിറഞ്ഞ് പരന്നൊഴുകിയിരുന്ന നദി അനധികൃത കൈയേറ്റം കൂടിയായതോടെ ഗതി മാറി ഒഴുകുന്ന അവസ്ഥയിലായി. നദിയുടെ ഇരുവശങ്ങളിലുമായി ഏക്കറുകണക്കിന് ഭാഗങ്ങളിലാണ് വന്‍ കൈയേറ്റങ്ങള്‍ നടന്നിട്ടുള്ളത്. പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ക്കായി ത്രിതല പഞ്ചായത്തുകളും ജലസേചന വകുപ്പും നിര്‍മിച്ച തീരവും കുളിക്കടവുകളും തകര്‍ന്നടിഞ്ഞു. പൊതുജനങ്ങളില്‍ നല്ളൊരു ശതമാനം കുളിക്കാനും തുണിയലക്കാനും ഉപയോഗിച്ചിരുന്നത് ആറിനെയായിരുന്നു. ഇതിനായി പഞ്ചായത്ത് കുളിക്കടവുകള്‍ പ്രത്യേകം ഒരുക്കിയിരുന്നു. പിന്നീട് കാട് മൂടിയും ചളിനിറഞ്ഞും കടവിലേക്ക് ഇറങ്ങാനാകാത്ത സ്ഥിതിയിലായി. മണല്‍ വാരല്‍ മൂലം നദിയുടെ തീരമിടിഞ്ഞ് ഫലവൃക്ഷങ്ങളും ഒൗഷധസസ്യങ്ങളും കടപുഴകി. ആറിന് കുറുകെയുള്ള ചെറുതും വലുതുമായ പാലങ്ങളും അപകട ഭീഷണിയിലാണ്. വേനല്‍ കടുത്തതോടെ ആറിന്‍െറ തീരപ്രദേശങ്ങളിലെ കിണറുകളെല്ലാം വറ്റിവരണ്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.