പക്ഷിപ്പനി; ഹോട്ടലുകളിൽ കോഴി, താറാവ്​ വിഭവങ്ങളുടെ വിപണനം തടഞ്ഞു

ആലപ്പുഴ: പക്ഷിപ്പനി ബാധയെ തുടർന്ന് ജില്ലയിലെ ചില ഹോട്ടലുകളിൽ കോഴി, താറാവ് വിഭവങ്ങൾ വിപണനം നടത്തുന്നത് ഭക്ഷ്യസുരക്ഷാ വകുപ്പ് തടഞ്ഞു. ഇത്തരം വിഭവങ്ങൾ വിളമ്പിയ ഹോട്ടലുകളിൽ ഭക്ഷണം കഴിക്കാൻ എത്തിയവരെ ഇറക്കിവിട്ടു. അധികൃതരുടെ നടപടിയിൽ പ്രതിഷേധവുമായി ഹോട്ടൽ ഉടമകൾ രംഗത്തെത്തി. ചൊവ്വാഴ്ച മുതൽ ജില്ലയിലെ ഹോട്ടലുകൾ അടച്ചിടുമെന്ന് ഹോട്ടൽ ഉടമകളുടെ സംഘടന പറയുന്നു.

കോഴി, താറാവ് ഇറച്ചി ഇവയുടെ മുട്ട എന്നിവ വിപണനം നടത്തുന്ന കടകൾ അധികൃതർ അടപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് ഹോട്ടലുകൾക്കെതിരെയും നടപടി തുടങ്ങിയത്. പക്ഷിപ്പനി കണ്ടെത്തിയ ഒമ്പത് പഞ്ചായത്തുകളിലും അവയുടെ 10 കിലോമീറ്റർ ചുറ്റളവിലും താറാവ്, കോഴി, കാട, മറ്റു വളര്‍ത്തുപക്ഷികള്‍ ഇവയുടെ മുട്ട , ഇറച്ചി, കാഷ്ഠം (വളം), ഫ്രോസണ്‍ മീറ്റ്, മറ്റ് ഉല്‍പന്നങ്ങള്‍ എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും ഒരാഴ്ചത്തേക്ക് നിരോധിച്ച് വെള്ളിയാഴ്ച കലക്ടർ ഉത്തരവിട്ടിരുന്നു. ഇതേതുടർന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് ഹോട്ടലുകളിൽ പരിശോധന കർശനമാക്കിയത്.

വിപണനം നിരോധിച്ചത് സംബന്ധിച്ച് ഹോട്ടലുടമകൾക്ക് ഔദ്യോഗികമായി അറിയിപ്പുകൾ ഒന്നും നൽകിയില്ലെന്നും പരിശോധനക്ക് എന്ന പേരിൽ എത്തിയ ഉദ്യോഗസ്ഥർ ചിക്കൻ വിഭവങ്ങൾ വിളമ്പുന്നത് കണ്ട് ഹോട്ടൽ അടച്ചിടാൻ ആവശ്യപ്പെടുകയും ആഹാരം കഴിച്ചുകൊണ്ടിരുന്നവരെ ഇറക്കിവിടുകയുമായിരുന്നുവെന്നും ഹോട്ടൽ ഉടമകൾ പറയുന്നു. ഉച്ചക്ക് രണ്ട് മണിയോടെയാണ് നഗരത്തിലെ കൈചൂണ്ടിമുക്കിനടുത്ത് ഹോട്ടലിൽ ഉദ്യോഗസ്ഥ സംഘം പരിശോധനക്ക് എത്തിയത്. ഇതോടെ പാകം ചെയ്ത വിഭവങ്ങൾ നശിപ്പിക്കേണ്ടി വന്നുവെന്ന് പറയുന്നു.

പക്ഷിപ്പനി സ്ഥരീകരിച്ച തകഴി, കാര്‍ത്തികപ്പള്ളി, കരുവാറ്റ, പുന്നപ്ര സൗത്ത്, അമ്പലപ്പുഴ സൗത്ത്, ചെറുതന, പുറക്കാട്, നെടുമുടി, കുമാരപുരം എന്നീ പഞ്ചായത്തുകളുടെ പ്രഭവകേന്ദ്രത്തിന് 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള സര്‍വയ്ലന്‍സ് സോണില്‍ ആലപ്പുഴ മുനിസിപ്പാലിറ്റി, അമ്പലപ്പുഴ സൗത്ത്, അമ്പലപ്പുഴ നോര്‍ത്ത്, പുന്നപ്ര സൗത്ത്, പുന്നപ്ര നോര്‍ത്ത്, പുറക്കാട്, കൈനകരി, ചമ്പക്കുളം, രാമങ്കരി, വെളിയനാട്, പുളിങ്കുന്ന്, നെടുമുടി, തലവടി, മുട്ടാര്‍, എടത്വ, തകഴി, തൃക്കുന്നപ്പുഴ, ആറാട്ടുപ്പുഴ, കണ്ടല്ലൂര്‍, പത്തിയൂര്‍, മുതുകുളം, കരുവാറ്റ, കുമാരപുരം, ഹരിപ്പാട് മുനിസിപ്പാലിറ്റി, കാര്‍ത്തികപ്പള്ളി, ചിങ്ങോലി, വീയപുരം, പള്ളിപ്പാട്, ചെറുതന, ചേപ്പാട്, ചെട്ടികുളങ്ങര, ചെന്നിത്തല, മാന്നാര്‍, നിരണം, കടപ്ര പഞ്ചായത്തുകളാണ് ഉള്‍പ്പെടുന്നത്.

ഈ പ്രദേശത്ത് താറാവ്, കോഴി, കാട, മറ്റു വളര്‍ത്തുപക്ഷികള്‍ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം), ഫ്രോസണ്‍ മീറ്റ്, മറ്റ് ഉല്‍പന്നങ്ങള്‍ എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലുമാണ് നിരോധിച്ച് കലക്ടർ ഉത്തരവിട്ടത്. നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള പ്രദേശങ്ങളില്‍ ഈ പക്ഷികളുടെ മാംസം, മുട്ട എന്നിവ കൊണ്ടുള്ള ഭക്ഷ്യ വിഭവങ്ങള്‍ വില്‍പ്പന നടത്തുന്നില്ലെന്ന് ഫുഡ് സേഫ്റ്റി ഓഫിസര്‍ ഉറപ്പുവരുത്തണമെന്നും കലക്ടറുടെ ഉത്തരവിൽ പറഞ്ഞിരുന്നു. 

അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന കോഴിയിറച്ചിയും മുട്ടയും വിപണനം തടയുന്നത് എന്തിനെന്ന് ഹോട്ടൽ ഉടമകൾ

എല്ലാ വർഷവും രോഗബാധ ഉണ്ടാകുന്നു. അതിന്‍റെ പേരിൽ പക്ഷിവിഭവങ്ങളുടെ വിപണനം തടയുന്നു. കോഴി ഇറച്ചിയും മുട്ടയും അന്യ സംസ്ഥാനങ്ങളിൽനിന്ന് എത്തുന്നവയാണ്. രോഗബാധ ഇവിടെയാണുള്ളത്. മറ്റ് സംസ്ഥാനത്തു നിന്ന് എത്തുന്ന കോഴികളുടെ ഇറച്ചിയും മുട്ടയും വിപണനം നടത്തുന്നത് തടയുന്നതിൽ എന്ത് ശാസ്ത്രീയതയാണുള്ളതെന്ന് ഹോട്ടൽ ഉടമകൾ ചോദിക്കുന്നു.

സ്കൂൾ അടവ് സമയമായതിനാൽ ജില്ലയിലേക്ക് സഞ്ചാരികളുടെ വലിയ ഒഴുക്കുണ്ട്. അതിനാൽ ഹോട്ടലുകളിൽ കച്ചവടവും വലിയതോതിലാണ്. അതിനിടയിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ കോഴി വിഭവങ്ങൾ വിളമ്പുന്നത് തടയുന്നതാണ് പ്രതിഷേധത്തിന് കാരണമാകുന്നത്. ഹോട്ടലുടമകളുമായി തിങ്കളാഴ്ച കലക്ടർ ചർച്ച നടത്തും. അതിന് ശേഷം നിലപാട് അറിയിക്കാമെന്ന് ഹോട്ടൽ ആൻഡ് റസ്റ്റോറന്‍റ് അസോസിയേഷൻ ജില്ലാ പ്രസിഡന്‍റ് ആർ. നവാസ് ‘മാധ്യമ’ത്തോട് പറഞ്ഞു.

Tags:    
News Summary - Bird flu; Sale of chicken and duck dishes banned in hotels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.