എസ്.എസ്.എല്‍.സി: ജില്ലയില്‍ 25,111 പരീക്ഷാര്‍ഥികള്‍

ആലപ്പുഴ: മാര്‍ച്ച് എട്ടിന് തുടങ്ങുന്ന എസ്.എസ്.എല്‍.സി പരീക്ഷക്കുള്ള ഒരുക്കം അന്തിമഘട്ടത്തില്‍. എ.ഡി.എം എം.കെ. കബീറിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന പരീക്ഷ അവലോകന സമിതി ഒരുക്കം വിലയിരുത്തി. ഈ വര്‍ഷം ജില്ലയില്‍ 25,111 വിദ്യാര്‍ഥികളാണ് പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 12,530 ആണ്‍കുട്ടികളും 12,581 പെണ്‍കുട്ടികളുമാണുള്ളത്. ഇതില്‍ 2929 പട്ടികജാതി വിദ്യാര്‍ഥികളും 65 പട്ടികവര്‍ഗ വിദ്യാര്‍ഥികളുമുണ്ട്. 37 പേര്‍ സ്വകാര്യ വിദ്യാര്‍ഥികളാണ്. 200 കേന്ദ്രങ്ങളിലായി 2294 അധ്യാപകരാണ് പരീക്ഷ ചുമതല വഹിക്കുന്നത്. അതത് വിദ്യാഭ്യാസ ജില്ലകളില്‍ എത്തിച്ച ചോദ്യപേപ്പര്‍ മാര്‍ച്ച് രണ്ട്, മൂന്ന് തീയതികളില്‍ തരംതിരിച്ചശേഷം വിവിധ ട്രഷറികള്‍, ബാങ്കുകള്‍ എന്നിവിടങ്ങളിലെ സ്ട്രോങ് മുറികളിലേക്ക് മാറ്റും. ഇതിനായി 18 കേന്ദ്രങ്ങളാണ് കണ്ടത്തെിയിട്ടുള്ളത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നത് മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലാണ്. 3885 ആണ്‍കുട്ടികളും 4205 പെണ്‍കുട്ടികളും ഉള്‍പ്പെടെ 8090 വിദ്യാര്‍ഥികളാണ് ഇവിടെ പരീക്ഷ എഴുതുന്നത്. 73 പരീക്ഷ കേന്ദ്രങ്ങളും ചോദ്യപേപ്പര്‍ വിതരണത്തിനായി 10 ക്ളസ്റ്ററുകളുമാണുള്ളത്. 980 പരീക്ഷ ഉദ്യോഗസ്ഥരാണ് ഇവിടെയുള്ളത്. ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നത് കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ്. 1247 ആണ്‍കുട്ടികളും 1097 പെണ്‍കുട്ടികളും ഉള്‍പ്പെടെ 2344 വിദ്യാര്‍ഥികളാണ് 34 കേന്ദ്രങ്ങളിലായി പരീക്ഷ എഴുതുക. 197 അധ്യാപകര്‍ക്കാണ് പരീക്ഷ ചുമതല. ചോദ്യപേപ്പര്‍ വിതരണത്തിനായി സ്കൂളുകളെ ഏഴ് ക്ളസ്റ്ററുകളായി തിരിച്ചിട്ടുണ്ട്. ചേര്‍ത്തല വിദ്യാഭ്യാസ ജില്ലയില്‍ പരീക്ഷയെഴുതുന്ന 7501 വിദ്യാര്‍ഥികളില്‍ 3906 ആണ്‍കുട്ടികളും 3595 പെണ്‍കുട്ടികളും അടങ്ങുന്നു. 47 പരീക്ഷ കേന്ദ്രങ്ങളിലായി 524 അധ്യാപകരാണ് പരീക്ഷ ചുമതലയില്‍. ചോദ്യപേപ്പര്‍ വിതരണത്തിനായി 10 ക്ളസ്റ്ററുകളും ഉണ്ട്. ആലപ്പുഴ വിദ്യാഭ്യാസ ജില്ലയില്‍ 46 പരീക്ഷ കേന്ദ്രങ്ങളിലായി 7176 വിദ്യാര്‍ഥികളാണുള്ളത്. ഇതില്‍ 3492 ആണ്‍കുട്ടികളും 3684 പെണ്‍കുട്ടികളുമുണ്ട്. 593 അധ്യാപകര്‍ പരീക്ഷ ചുമതലയിലുണ്ട്. ഏഴ് ക്ളസ്റ്ററുകള്‍ കേന്ദ്രീകരിച്ചാണ് ചോദ്യപേപ്പര്‍ വിതരണം. പട്ടികജാതി വിഭാഗത്തില്‍ 1484 ആണ്‍കുട്ടികളും 1445 പെണ്‍കുട്ടികളും ഉള്‍പ്പെടെ 2929 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതും. പട്ടികവര്‍ഗ വിഭാഗത്തില്‍ 33 ആണ്‍കുട്ടികളും 32 പെണ്‍കുട്ടികളും ഉള്‍പ്പെടെ 65 പേരാണ് പരീക്ഷ എഴുതുന്നത്. മാര്‍ച്ച് എട്ടു മുതല്‍ ജില്ല വിദ്യാഭ്യാസ ഓഫിസര്‍, ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പരിശോധന സംഘങ്ങള്‍ സ്കൂളുകള്‍ സന്ദര്‍ശിക്കും. യോഗത്തില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി. അശോകന്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ചന്ദ്രഹാസന്‍ വടുതല, ചേര്‍ത്തല വിദ്യാഭ്യാസ ജില്ല ഓഫിസര്‍ എം.ജെ. സുനില്‍, ആലപ്പുഴ ഡി.ഇ.ഒ കെ. പുഷ്പകുമാരി, കുട്ടനാട് ഡി.ഇ.ഒ ജി. ചന്ദ്രലേഖ, മാവേലിക്കര ഡി.ഇ.ഒ ചന്ദ്രമതി, ആലപ്പുഴ ഡിവൈ.എസ്.പി ജി.ഡി. വിജയകുമാര്‍, ജില്ല ട്രഷറി ഓഫിസര്‍ കെ.എ. അബ്ദുല്‍ ഖാദര്‍ കുഞ്ഞ്, ലീഡ് ജില്ല മാനേജര്‍ ജഗദീശ് രാജ്കുമാര്‍, പോസ്റ്റ് ഓഫിസ് അസിസ്റ്റന്‍റ് സൂപ്രണ്ട് രാജീവ് ജെ. ചെറുകാട് തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.