രാജാകേശവദാസന്‍ നീന്തല്‍ക്കുളം നവീകരണം ഉടന്‍

ആലപ്പുഴ: സാമൂഹികവിരുദ്ധരുടെ താവളമായിമാറിയ രാജാകേശവദാസന്‍ നീന്തല്‍ക്കുളം നവീകരിച്ച് കായികമേഖലക്ക് മാത്രമായി തുറന്നുനല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മികച്ച നീന്തല്‍ താരങ്ങളെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കായികവകുപ്പ് നീന്തല്‍ക്കുളം വിഷയത്തില്‍ മുന്നോട്ടുപോകുന്നത്. ഇതിനായി ഒന്നരക്കോടി രൂപയാണ് അനുവദിച്ചത്. നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ടെന്‍ഡര്‍ നടപടി അന്തിമഘട്ടത്തിലാണ്. ഒരാഴ്ചക്കുള്ളില്‍ പണി ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നീന്തല്‍ക്കുളത്തിന് ചുറ്റുമുള്ള കാടുകള്‍ വെട്ടിമാറ്റിയ ശേഷം ഇലക്ട്രിക്കല്‍ ജോലികള്‍ക്ക് പുറമെ ടൈല്‍ പാകലും നടത്താനാണ് പദ്ധതി. ഏഴുവര്‍ഷം മുമ്പ് നീന്തല്‍ക്കുളം അടച്ചുപൂട്ടിയതോടെ ജില്ലയിലെ നീന്തല്‍താരങ്ങള്‍ക്ക് പരിശീലനം നടത്താന്‍ കഴിയാതെ വന്നു. ഇത് ഏറെ വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു.1995ലാണ് അഞ്ചുകോടി മുടക്കി ബീച്ചിന് സമീപം അന്താരാഷ്ട്ര നിലവാരത്തിലുള്ള നീന്തല്‍ക്കുളത്തിന് ശിലയിട്ടത്. പിന്നീട് 1997ല്‍ ഇ.കെ. നായനാര്‍ മന്ത്രിസഭയുടെ കാലത്താണ് പണി പൂര്‍ത്തിയാക്കി കുളം തുറന്നത്. 60 പേര്‍ക്ക് ഒരേസമയത്ത് നീന്തല്‍ പരിശീലിക്കാന്‍ കഴിയുന്ന രീതിയിലാണ് ക്രമീകരിച്ചിരുന്നത്. സ്പോര്‍ട്സ് കൗണ്‍സിലിന്‍െറ മേല്‍നോട്ടത്തിലാണ് നീന്തല്‍ക്കുളം പ്രവര്‍ത്തിച്ചിരുന്നത്. ഉദ്ഘാടനം കഴിഞ്ഞ് ആറുമാസം നന്നായി പ്രവര്‍ത്തിച്ചു. പക്ഷേ, സ്പോര്‍ട്സ് കൗണ്‍സില്‍ നിയമിച്ച പരിശീലകന് ശമ്പളം കൃത്യമായി നല്‍കാത്തതിനാല്‍ വീഴ്ച സംഭവിച്ചു. തുടര്‍ന്ന് ഇയാള്‍ ജോലി വിട്ടൊഴിയുകയായിരുന്നു. ഇതോടെ നീന്തല്‍ അഭ്യസിക്കാന്‍ കുട്ടികളെ ലഭിക്കാതായി. കുളത്തില്‍ സ്ഥാപിച്ചിരുന്ന ഫില്‍ട്ടറേഷന്‍ പ്ളാന്‍റ്, ജനറേറ്റര്‍, ഫ്ളഡ് ലൈറ്റ്, പ്രവേശന കവാടം എന്നിവ നാശത്തിലുമായി. 2001ല്‍ നടത്തിപ്പ് ചുമതലയില്‍നിന്ന് സ്പോര്‍ട്സ് കൗണ്‍സില്‍ പിന്മാറി. പകരം സ്വകാര്യ സ്ഥാപനത്തിന് പാട്ടത്തിന് നല്‍കുകയായിരുന്നു. നടത്തിപ്പുകാരുടെ അശ്രദ്ധമൂലം പലപ്പോഴായി മൂന്ന് യുവാക്കളുടെ ജീവന്‍ നീന്തല്‍ക്കുളത്തില്‍ നഷ്ടമായി. ഈ സംഭവത്തോടെ കുളം ആരും ഉപയോഗിക്കാതെ തികച്ചും ശോച്യാവസ്ഥയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.