കായംകുളം നഗരം കീഴടക്കി ക്വട്ടേഷന്‍–ലഹരി മാഫിയ

പൊലീസിനെ വെല്ലുവിളിക്കാനും ആക്രമിക്കാനും ധൈര്യപ്പെടുന്നതരത്തില്‍ സംഘങ്ങള്‍ വളര്‍ന്നു കായംകുളം: നഗരത്തെ കീഴടക്കി ലഹരി മാഫിയ-ക്വട്ടേഷന്‍ സംഘങ്ങള്‍ വിലസുമ്പോഴും പൊലീസ് ഇരുട്ടില്‍തപ്പുന്നു. പൊലീസുകാരെ വെല്ലുവിളിക്കാനും ആക്രമിക്കാനും ധൈര്യപ്പെടുന്നതരത്തില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ വളര്‍ന്നു കഴിഞ്ഞു. ഗുണ്ടസംഘങ്ങളെ ഒതുക്കുന്നതില്‍ ഇച്ഛാശക്തിയോടെ നിലപാട് സ്വീകരിക്കുന്ന തരത്തിലുള്ള ഉദ്യോഗസ്ഥരുടെ അഭാവമാണ് പ്രധാന പ്രശ്നം. ക്വട്ടേഷന്‍ കുടിപ്പകയില്‍ യുവാവ് കൊല്ലപ്പെടുന്നതിലേക്ക് കാര്യങ്ങള്‍ നയിച്ചതിനും കാരണം ഇതാണ്. ക്വട്ടേഷന്‍ മാഫിയകളെ കൈകാര്യം ചെയ്ത രണ്ട് എസ്.ഐമാരെ സ്ഥലംമാറ്റാന്‍ കഴിഞ്ഞതിലൂടെ ഇവരുടെ രാഷ്ട്രീയ കരുത്തും വെളിവാക്കപ്പെട്ടു. കഞ്ചാവ് കടത്തിന് നേതൃത്വം നല്‍കുന്ന ഗുണ്ടസംഘങ്ങളെ തിരിച്ചറിഞ്ഞിട്ടും ഇവരെ പിടികൂടുന്നതില്‍ ഗുരുതര വീഴ്ചയാണ് സംഭവിച്ചത്. രണ്ടുവര്‍ഷം മുമ്പ് കഞ്ചാവ് മാഫിയയുടെ വിവരങ്ങള്‍ നല്‍കിയതിന് ജിംനേഷ്യം നടത്തിപ്പുകാരനെ ക്വട്ടേഷന്‍ സംഘം വധിക്കാന്‍ ശ്രമിച്ചിരുന്നു. കൃഷ്ണപുരം പഞ്ചായത്ത് ഓഫിസിന് സമീപം നടന്ന സംഭവത്തില്‍ കൊലക്കേസുകളിലടക്കം പ്രതികളായിരുന്നവരാണെന്ന് തിരിച്ചറിഞ്ഞിട്ടും ഇവരെ പൂര്‍ണമായി പിടിക്കാനും അമര്‍ച്ചചെയ്യാനും കഴിഞ്ഞില്ല. ഇവരിപ്പോഴും കാമ്പസുകളുടെ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടവുമായി രംഗത്തുണ്ട്. മൂന്നുമാസം മുമ്പ് രണ്ടാംകുറ്റിയില്‍ കഞ്ചാവുപ്രതികളെ പിടിക്കാനത്തെിയ എ.എസ്.ഐ അടക്കം നാല് പൊലീസുകാര്‍ക്ക് വെട്ടേറ്റിരുന്നു. ഇതിന് ഒരുമാസം മുമ്പ് പനയന്നാര്‍കാവില്‍ കഞ്ചാവുകച്ചവടക്കാരെ പിടിക്കാനത്തെിയ ആന്‍റി നാര്‍കോട്ടിക് സെല്‍ ഉദ്യോഗസ്ഥരും ക്വട്ടേഷന്‍ സംഘത്തിന്‍െറ ആക്രമണത്തിനിരയായി.ഒരിക്കല്‍ പൊലീസ് അടിച്ചമര്‍ത്തിയ ക്വട്ടേഷന്‍ സംഘങ്ങളാണ് കഞ്ചാവ് കച്ചവടത്തിലൂടെ പുതിയ രീതിയില്‍ നഗരം വിറപ്പിക്കുന്നത്. രണ്ടുവര്‍ഷം മുമ്പ് റെയില്‍വേ സ്റ്റേഷനില്‍ ആളുമാറി യുവാവിനെ വെട്ടിപ്പരിക്കേല്‍പിച്ചിരുന്നു. ഇതിലെ മുഖ്യപ്രതിയാണ് കണ്ടല്ലൂരില്‍ കൊല്ലപ്പെട്ട സുമേഷ്. ജില്ലയില്‍ പ്രവേശിക്കാന്‍ വിലക്കുള്ള ഇയാളുടെ അതിക്രമങ്ങള്‍ കാരണം നാട്ടുകാര്‍ പൊറുതിമുട്ടിയിരുന്നു. മൂന്ന് വധശ്രമക്കേസുകളടക്കം പതിനാലോളം കേസുകളില്‍ ഇയാള്‍ പ്രതിയാണ്. ഗുണ്ടനിയമപ്രകാരം ജില്ലയില്‍ കയറരുതെന്ന വിലക്ക് ലംഘിച്ചാണ് നാട്ടില്‍ വിലസിനടന്നത്. ഇതേ സ്വാതന്ത്ര്യമാണ് ക്വട്ടേഷന്‍ സംഘത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് കായംകുളം ഡിവൈ.എസ്.പി പരിധിയില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. സ്വന്തംനിലയില്‍ പട്രോളിങ് ഇല്ലാത്തത് താഴത്തെ സംവിധാനങ്ങളും നിഷ്ക്രിയമാകാന്‍ കാരണമാകുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.