ആലപ്പുഴയിലെ ആദ്യ കയര്‍തടി വീട് നാടിന് സമര്‍പ്പിച്ചു

ആലപ്പുഴ: കയര്‍ വ്യവസായ രംഗത്ത് പുത്തന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിച്ച കയര്‍ തടി വീട് യാഥാര്‍ഥ്യമായി. ആലപ്പുഴ നഗരചത്വരത്തില്‍ നിര്‍മിച്ച വീട് മന്ത്രി ഡോ. ടി.എം. തോമസ് ഐസക് നാടിന് സമര്‍പ്പിച്ചു. ഇതോടെ കെട്ടിടനിര്‍മാണ രംഗത്ത് പുതിയ ചുവടുവെപ്പ് നടത്തിയിരിക്കുകയാണ് ആലപ്പുഴ. കയര്‍ ബോര്‍ഡിന്‍െറ ഗവേഷണസ്ഥാപനമായ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കയര്‍ ടെക്നോളജിയാണ് ഇതിന്‍െറ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്. 370 സ്ക്വയര്‍ഫീറ്റ് ചുറ്റളവിലാണ് കയര്‍തടി വീട് നിര്‍മിച്ചത്. ചകിരി ഉപയോഗിച്ചാണ് വീട് നിര്‍മിച്ചിരിക്കുന്നത്. തൊണ്ടില്‍നിന്ന് വേര്‍തിരിക്കുന്ന ചകിരി പരിസ്ഥിതി സൗഹൃദമായ റസിനുമായി ഇടകലര്‍ത്തി ഹൈഡ്രോളിക്സ് മെഷീന്‍ ഉപയോഗിച്ച് ദൃഢപ്പെടുത്തിയാണ് കയര്‍തടി നിര്‍മിക്കുന്നത്. ഇങ്ങനെ രൂപപ്പെടുത്തുന്ന കയര്‍തടിക്ക് സാധാരണ മരത്തടിയെക്കാള്‍ ഉറപ്പും കാഠിന്യവുമുണ്ട്. കൂടാതെ, ചകിരിയില്‍ അടങ്ങിയിരിക്കുന്ന 45 ശതമാനം ലിഗ്നിന്‍ എന്ന സങ്കീര്‍ണ പദാര്‍ഥം ചിതലിന്‍െറയും പൂപ്പലിന്‍െറയും ആക്രമണത്തെ ചെറുക്കും. വനനശീകരണവും മലിനീകരണവും മൂലമുണ്ടാകുന്ന ആഗോളതാപനത്തെ ചെറുത്ത് പരിസ്ഥിതി സൗഹാര്‍ദവും ചെലവ് കുറഞ്ഞതുമായ വീടുകളുടെ നിര്‍മാണം ഉറപ്പാക്കുകയാണ് ഇതിന്‍െറ ലക്ഷ്യം. കയര്‍ ബോര്‍ഡ് ചെയര്‍മാന്‍ സി.പി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സൊസൈറ്റി ഫോര്‍ ഡെവലപ്മെന്‍റ് കമ്പോസിറ്റ് എക്സി. ഡയറക്ടര്‍ ഡോ. ആര്‍. ഗോപന്‍, നഗരസഭ ചെയര്‍മാന്‍ തോമസ് ജോസഫ്, കയര്‍ബോര്‍ഡ് അംഗം സി.കെ. പദ്മനാഭന്‍, ആനത്തലവട്ടം ആനന്ദന്‍, കയര്‍ ഡയറക്ടര്‍ എം. പദ്മകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.