പു​ക നി​ല​ക്കാതെ പു​തി​യ​കാ​വ് ച​ന്ത​

മാവേലിക്കര: പുതിയകാവ് ചന്തയിൽ നഗരസഭ തള്ളിയ പ്ലാസ്റ്റിക് മാലിന്യത്തിന് തീപിടിച്ച് ഉണ്ടായ പുക ഒരാഴ്ച പിന്നിട്ടിട്ടും നിലക്കുന്നില്ല. കഴിഞ്ഞ 17നാണ് ചന്തയിലെ മാലിന്യശേഖരത്തിന് തീപിടിച്ചത്. നിരവധി തവണ ഫയർഫോഴ്സ് യൂനിറ്റ് എത്തി തീയണക്കാൻ ശ്രമിച്ചിട്ടും അങ്ങിങ്ങ് വീണ്ടും കത്തിനിൽക്കുന്ന സ്ഥിതിവിശേഷം ഉണ്ടായി. തുടർന്ന് മാലിന്യത്തിന് മുകളിൽ എക്സ്കവേറ്റർ ഉപയോഗിച്ച് മണ്ണിടുകയും നഗരസഭയുടെ നേതൃത്വത്തിൽ സമീപത്തെ തോട്ടിൽനിന്ന് മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യുകയും ചെയ്തിരുന്നു. എന്നിട്ടും പുകക്ക് ശമനമായില്ല. പ്ലാസ്റ്റിക് മാലിന്യം കത്തി വീണ്ടും പുക ഉയർന്നുകൊണ്ടിരിക്കയാണ്. പുക ശ്വസിച്ച് സമീപവാസികൾക്കും കച്ചവടക്കാർക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതായി പുതിയകാവ് മാർക്കറ്റ് സംരക്ഷണസമിതി ആരോപിച്ചു. പ്ലാസ്റ്റിക് കത്തി അന്തരീക്ഷത്തിലേക്ക് എത്തുന്ന പുക ഇല്ലാതാക്കാൻ നടപടി ഉണ്ടാക്കണം. പലതവണ നഗരസഭ അധികൃതരോട് നേരിട്ടുകണ്ട് പരാതി പറഞ്ഞെങ്കിലും ഫലപ്രദ നടപടി സ്വീകരിച്ചിട്ടില്ല. കത്തിക്കൊണ്ടിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം പൂർണമായും മണ്ണിട്ട് മൂടിയിട്ടില്ലെന്നും ഭക്ഷ്യസാധനങ്ങൾ വിൽക്കുന്ന പുതിയകാവ് ചന്തയിൽ മാലിന്യം തള്ളുന്നതിനെതിരെ സമരപരിപാടി ആരംഭിക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി. സംഭവം സംബന്ധിച്ച് മുഖ്യമന്ത്രി, പൊല്യൂഷൻ കൺേട്രാൾ ബോർഡ് എന്നിവർക്ക് നിവേദനം നൽകാനും തീരുമാനിച്ചു. സമിതി കൺവീനർ മാത്യു കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി നൈനാൻ സി. കുറ്റിശേരിൽ, ജയ്സൺ പുതിയകാവ്, സാബു കാങ്കാലിൽ, മാത്യു തോമസ് പണിക്കർ, ജോൺ ജേക്കബ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.