റോ​ഡ് കൈ​യേ​റ്റ​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​യു​മാ​യി പൊ​തു​മ​രാ​മ​ത്ത്

ആലപ്പുഴ: റോഡ് സുരക്ഷയുടെ ഭാഗമായി ജില്ലയിലെ പ്രധാന റോഡുകളിൽ നടക്കുന്ന കൈയേറ്റങ്ങൾ പൊതുമരാമത്ത് റോഡ്സ് വിഭാഗം ഒഴിപ്പിച്ചുതുടങ്ങി. എന്നാൽ, ഒഴിപ്പിക്കാൻ എത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. പ്രധാനമായും ഫ്ലക്സ് ബോർഡുകൾ, വഴിയോര കച്ചവടങ്ങൾ എന്നിവയാണ് പൊതുമരാമത്ത് അസി. എക്സിക്യൂട്ടിവ് എൻജിനീയർ, ഓവർസിയർ എന്നിവരുടെ നേതൃത്വത്തിെല സംഘം ഒഴിപ്പിച്ചെടുക്കുന്നത്. കൈയേറിയവർ ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ട് ഒരുമാസം മുമ്പ് വ്യാപാരികൾക്ക് അധികൃതർ നോട്ടീസ് നൽകിയിരുന്നു. എന്നാൽ, അത് കൂട്ടാക്കാതെ തുടരുന്നവരെയാണ് ഒഴിപ്പിക്കുന്നത്. പല ടീമുകളായി തിരിഞ്ഞ് ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, മാവേലിക്കര എന്നിവിടങ്ങളിലാണ് നടപടി തുടങ്ങിയത്. എന്നാൽ, ഒഴിപ്പിക്കൽ നടപടിയിൽ വ്യാപക പ്രതിഷേധമാണ് വ്യാപാരികൾക്കിടയിൽ ഉയരുന്നത്. അമ്പലപ്പുഴയിൽ വണ്ടാനം ആശുപത്രിക്ക് സമീപം കൈയേറ്റം ഒഴിപ്പിക്കാൻ ചെന്ന ഉദ്യോഗസ്ഥരെ കച്ചവടക്കാരുടെ നേതൃത്വത്തിൽ സി.ഐ.ടി.യു-എ.ഐ.വൈ.എഫ് പ്രവർത്തകർ ചേർന്ന് തടഞ്ഞു. തോട്ടപ്പള്ളിയിലും ആലപ്പുഴ നഗരത്തിലും സമാനസംഭവം ഉണ്ടായതായി ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിഷേധം കണക്കിലെടുത്ത് വരുംദിവസങ്ങളിൽ പൊലീസ് സംരക്ഷണത്തിൽ ഒഴിപ്പിക്കാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. ഇപ്പോൾ നടപടി ദുർബലപ്പെട്ടിരിക്കുകയാണ്. ഫ്ലക്സ് ബോർഡുകൾ മാത്രമാണ് അധികൃതർക്ക് മാറ്റാൻ കഴിഞ്ഞത്. ചെറുതും വലുതുമായ നൂറോളം ബോർഡുകൾ നീക്കംചെയ്തു. അതേസമയം, പുറക്കാട് മുതൽ പാതിരപ്പള്ളി വരെ 22 കി.മീ. ദേശീയപാത നവീകരണം ഞായറാഴ്ച രാത്രിയോടെ തുടങ്ങും. ആത്യാധുനിക യന്ത്രങ്ങളുടെ സഹായത്തോടെ പരിസ്ഥിതി സൗഹാർദ റോഡുകൾ നിർമിക്കാനാണ് പൊതുമരാമത്ത് വകുപ്പ് ലക്ഷ്യമിടുന്നത്. ജർമനിയിൽനിന്ന് ഒമ്പത് കോടി മുതൽമുടക്കിയാണ് യന്ത്രങ്ങൾ ആലപ്പുഴയിൽ എത്തിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.