കായംകുളം: നഗരസഭ ഉദ്യോഗസ്ഥർക്ക് നേരെ കൈയേറ്റശ്രമവും വർഗീയ പരാമർശത്തോടെയുള്ള അസഭ്യവർഷവും. സംഭവത്തിൽ പ്രതിഷേധിച്ച് ജീവനക്കാർ കൂട്ട അവധിയെടുത്തു. പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ വെള്ളിയാഴ്ചയും ജോലിക്ക് കയറില്ലെന്ന് ജീവനക്കാർ പറഞ്ഞു. മുനിസിപ്പൽ അസി. എക്സിക്യൂട്ടിവ് എൻജിനീയർ ജെ. ഷാജി, ബിൽഡിങ് ഇൻസ്പെക്ടർ ഒ. സിന്ധു എന്നിവർക്ക് നേരെയാണ് ആക്രമണ ശ്രമമുണ്ടായത്. വ്യാഴാഴ്ച രാവിലെ 11.30ഒാടെയായിരുന്നു സംഭവം. ചട്ടങ്ങൾക്ക് വിരുദ്ധമായി കെട്ടിടത്തിന് പെർമിറ്റ് നൽകണമെന്ന ആവശ്യം അംഗീകരിക്കാതിരുന്നതാണ് പ്രകോപന കാരണമായത്. എൻജിനീയർക്ക് നേരെ വർഗീയ പരാമർശം മുഴക്കിയാണ് ഭീഷണി ഉയർത്തിയത്. ബഹളംകേട്ട് എത്തിയ സഹപ്രവർത്തകരുടെ ഇടപെടൽ കാരണമാണ് കൈയേറ്റത്തിൽനിന്ന് ഇവർ രക്ഷപ്പെട്ടത്. ബി.ജെ.പി പ്രവർത്തകനായ പൊന്നൻ തമ്പി, അജിത് എന്നിവർക്കെതിരെ ജീവനക്കാർ കായംകുളം പൊലീസിന് മൊഴി നൽകി. അതേസമയം കുറ്റക്കാെര അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുഴുവൻ ജീവനക്കാരും ഒാഫിസിന് മുന്നിൽ പ്രതിഷേധിച്ചു. നടപടികളുണ്ടാകുന്നതുവരെ അവധിയെടുത്ത് പ്രതിഷേധിക്കുമെന്ന് ജീവനക്കാരുടെ സംഘടനകളായ കെ.എം.സി.എസ്.യു, കെ.എം.സി.എസ്.എ ഭാരവാഹികൾ അറിയിച്ചു. ഇതിനിടെ ജീവനക്കാരെ സമ്മർദത്തിലാക്കി കേസ് ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങൾ അണിയറയിൽ സജീവമാണ്. ജീവനക്കാരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച സാമൂഹികവിരുദ്ധരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഐ.എൻ.എൽ മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻറ് എം.എച്ച്. ഹനീഫ അധ്യക്ഷത വഹിച്ചു. എൻ.എൽ.യു ജില്ല പ്രസിഡൻറ് കെ. മോഹനൻ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ ആറ്റക്കുഞ്ഞ്, എ.എം. റഫീഖ്, മൻസൂർ, വി.എസ്. ബഷീർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.