ചീ​ന​വ​ല​ കു​റ്റി​ക​ൾ നീ​ക്കിയി​ല്ല; ജ​ല​ഗ​താ​ഗ​തം അ​പ​ക​ടാ​വ​സ്ഥ​യി​ൽ

ഹരിപ്പാട്: ചീനവല കുറ്റികൾ നീക്കാത്തതുമൂലം ദേശീയ ജലപാതയിൽ ഗതാഗതം അപകടാവസ്ഥയിൽ. കൊച്ചീടെ ജെട്ടി പാലം മുതൽ വലിയഴീക്കൽ വരെയുള്ള മൂന്നര കിലോമീറ്റർ സ്ഥലത്തെ കുറ്റികളാണ് പ്രദേശത്ത് യാത്രാപ്രതിസന്ധി സൃഷ്ടിച്ചത്. ദേശീയ ജലപാത നവീകരണത്തിെൻറ ഭാഗമായാണ് കായലിൽ സ്ഥാപിച്ച 80ഒാളം ചീനവലകൾ സർക്കാർ നഷ്ടപരിഹാരം നൽകി നീക്കംചെയ്യിപ്പിച്ചത്. കായലിൽ സ്ഥാപിച്ചിട്ടുള്ള കുറ്റികൾ തൊഴിലാളികൾ തന്നെ നീക്കണമെന്നായിരുന്നു വ്യവസ്ഥ. ഒരു വലക്ക് ഒരു ലക്ഷത്തോളം രൂപയാണ് തൊഴിലാളികൾക്ക് നൽകിയത്. എന്നാൽ, നഷ്ടപരിഹാരം വാങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും കുറ്റികൾ മാറ്റാൻ മത്സ്യത്തൊഴിലാളികൾ തയാറായിട്ടില്ല. വിനോദസഞ്ചാര ബോട്ടുകൾ, മത്സ്യബന്ധന യാനങ്ങൾ എന്നിവയാണ് അധികവും ഇതുവഴി സഞ്ചരിക്കുന്നത്. വീതികൂടിയ കായലിെൻറ മധ്യഭാഗത്ത് ഏകദേശം 40 മീറ്റർ മാത്രമാണ് ജലപാതക്കായി ഉപയോഗിക്കുന്നത്. ഇതിെൻറ ഇരുവശങ്ങളിലും വ്യാപകമായാണ് കുറ്റികൾ നിലകൊള്ളുന്നത്. വിനോദസഞ്ചാര ബോട്ടുകൾ എത്തിയാൽ മറ്റൊന്നിന് സൈഡ് കൊടുക്കാൻ കഴിയാതെ ഞെരുങ്ങുന്ന സാഹചര്യവുമുണ്ട്. ഇതിനുപുറമെ ചെറുകിട മത്സ്യത്തൊഴിലാളികൾ ജലപാതക്ക് കുറുകെ ഉടക്കുവലകൾ സ്ഥാപിക്കുന്നതും പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു. പലപ്പോഴും ഈ വലകൾ യന്ത്രവള്ളക്കാരുടെ ശ്രദ്ധയിൽ പെടാറില്ല. അതിനാൽ വല യന്ത്രങ്ങളിൽ കുടുങ്ങുന്നതും സാധാരണയാണ്. ഇതിെൻറ പേരിൽ പ്രദേശത്ത് പലപ്പോഴും തൊഴിലാളികളും ബോട്ടുകാരുമായി തർക്കങ്ങളും ഉണ്ടാകുന്നു. ജലപാതയിൽ ആഴക്കൂടുതൽ അനുഭവപ്പെടുന്നതിനാൽ വല കുരുങ്ങുന്നത് നീക്കം ചെയ്യണമെങ്കിൽ മണിക്കൂറുകളോളം സാഹസപ്പെടേണ്ടി വരാറുണ്ട്. കുറ്റികൾക്കിടയിലൂടെ രാത്രികാലങ്ങളിൽ ചെറുകിട മത്സ്യത്തൊഴിലാളികൾ തന്നെ യാത്രചെയ്യുന്നത് പലപ്പോഴും അപകടത്തിന് ഇടയാക്കുന്നു. ചീനവലകൾ നിലനിന്നിരുന്നപ്പോൾ അതിലെ വിളക്കുകളും പ്രത്യക്ഷത്തിൽ കാണാവുന്ന സാഹചര്യങ്ങളും അപകടങ്ങളെ ഒഴിവാക്കിയിരുന്നെങ്കിൽ ഇപ്പോൾ കുറ്റികൾ മാത്രമായതാണ് അപകടങ്ങൾ വർധിക്കാൻ കാരണമാകുന്നത്. കുറ്റികൾ നീക്കം ചെയ്ത് ജലഗതാഗതം സുഗമമാക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.