പേപ്പട്ടിയുടെ കടിയേറ്റ് പിഞ്ചുകുഞ്ഞടക്കം മൂന്നുപേര്‍ക്ക് പരിക്ക്

കായംകുളം: കായംകുളത്തും പരിസരത്തും തെരുവുനായ്ക്കളുടെയും പേപ്പട്ടിയുടെയും വിളയാട്ടം. പ്രയാര്‍ വടക്ക് പേപ്പട്ടിയുടെ കടിയേറ്റ് പിഞ്ചുകുഞ്ഞടക്കം മൂന്നുപേര്‍ക്ക് മാരക പരിക്കേറ്റു. കായംകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രതിരോധമരുന്നുമില്ല. ദേവികുളങ്ങര പ്രയാര്‍ വടക്ക് ഐക്യഭവനത്തില്‍ അജയകുമാറിന്‍െറ മകന്‍ ആദിനാദ് (ഒന്ന്), ഉഷസില്‍ സദാശിവന്‍െറ ഭാര്യ ഉഷ (50), വേമ്പനാട്ട് വടക്കതില്‍ ബാബുവിന്‍െറ ഭാര്യ സരള (60) എന്നിവര്‍ക്കാണ് കടിയേറ്റത്. ആദിനാദിന്‍െറ വീട്ടിലെ പൂച്ചയെ കടിച്ചുകൊന്ന പേപ്പട്ടി വളര്‍ത്തുനായയെ കടിക്കുകയും ചെയ്തു. വ്യാഴാഴ്ച ഉച്ചക്ക് ഒരുമണിയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് ആദിനാദിന് കടിയേറ്റത്. കുഞ്ഞിന്‍െറ കരച്ചില്‍ കേട്ട് മാതാവ് പ്രിയ എത്തിയാണ് കൂടുതല്‍ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടുത്തിയത്. മുഖത്തും ചെവിക്കും കഴുത്തിനുമാണ് കടിച്ചത്. ചെവി കടിച്ചുമുറിച്ചു. വീടിന്‍െറ വരാന്തയിലിരുന്ന ഉഷക്കും അടുക്കളഭാഗത്ത് പാത്രം കഴുകിക്കൊണ്ടിരുന്ന സരളക്കും മുഖത്തും നെഞ്ചത്തുമാണ് കടിയേറ്റത്. ആദിനാദിനെയും ഉഷയെയും ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും സരളയെ കരുനാഗപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആദിനാദിനെയും ഉഷയെയും കായംകുളം ഗവ. ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. പ്രതിരോധമരുന്ന് ഇല്ലാച്ചതിനാല്‍ മെഡിക്കല്‍ കോളജിലേക്ക് അയക്കുകയായിരുന്നു.തെരുവുനായ്ക്കളുടെ കടിയേറ്റ് ദിനേന നിരവധി പേരാണ് കായംകുളം ഗവ. ആശുപത്രിയില്‍ ചികിത്സതേടുന്നത്. എന്നാല്‍, ഇവിടെ പ്രതിരോധമരുന്ന് ഇല്ലാത്തത് കടിയേറ്റവരെ വലക്കുന്നു. ചികിത്സതേടി കിലോമീറ്ററുകള്‍ സഞ്ചരിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോകേണ്ടിവരുന്ന ദുരവസ്ഥ പരിഹരിക്കണമെന്ന ആവശ്യം അധികൃതര്‍ കണ്ടില്ളെന്ന് നടിക്കുകയാണെന്നാണ് പരാതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.