വീട് കുത്തിത്തുറന്ന് 30 പവനും 15,000 രൂപയും കവര്‍ന്നു

അരൂര്‍: രാത്രി വീട് കുത്തിത്തുറന്ന് 30 പവന്‍ സ്വര്‍ണാഭരണവും 15,000 രൂപയും കവര്‍ന്നു. ചന്തിരൂര്‍ പാളയത്തില്‍ (പേള്‍വ്യൂ) അബ്ദുല്‍ ഖാദറിന്‍െറ വീട്ടിലാണ് മോഷണം. അടുക്കളവാതില്‍ പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. അബ്ദുല്‍ ഖാദറും മകനും കിടന്ന രണ്ട് മുറികള്‍ തുറക്കാനായില്ല. ബാക്കി നാല് മുറികളിലും മോഷ്ടാക്കള്‍ കയറി. ഒരു മുറിയില്‍നിന്നാണ് ആഭരണവും പണവും കവര്‍ന്നത്. അലമാരകളെല്ലാം കുത്തിത്തുറന്ന് വസ്ത്രങ്ങളും മറ്റും അലങ്കോലമാക്കിയിരുന്നു. രണ്ട് ദിവസം മുമ്പ് പകല്‍ തമിഴ്നാട് സ്വദേശികളെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ജോലി അന്വേഷിച്ച് വീട്ടില്‍ എത്തിയിരുന്നതായി അബ്ദുല്‍ ഖാദറിന്‍െറ ഭാര്യ പറഞ്ഞു. ഇവര്‍ തന്നെയായിരിക്കാം കവര്‍ച്ച നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. തമിഴ്നാട്ടിലെ തിരുട്ട് ഗ്രാമത്തിലെ മോഷ്ടാക്കള്‍ ആദ്യം കവര്‍ച്ച നടത്താന്‍ ഉദ്ദേശിക്കുന്ന വീടും പരിസരവും നേരത്തേ കണ്ട് മനസ്സിലാക്കുന്ന പതിവുണ്ടെന്ന് പൊലീസ് പറഞ്ഞു. അരൂര്‍ എസ്.ഐ പി. സുരേഷ് ബാബുവിന്‍െറ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തത്തെി പരിശോധന നടത്തി. ആലപ്പുഴയില്‍നിന്ന് വിരലടയാള വിദഗ്ധര്‍, ഡോഗ് സ്ക്വാഡ്, സയന്‍റിഫിക് എക്സ്പര്‍ട്ട് എന്നിവരും സ്ഥലത്തത്തെി പരിശോധന നടത്തി. അരൂര്‍ പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.